കൂടംകുളത്ത് ജലം ശുദ്ധീകരിക്കുന്നതിന് പ്രത്യേക പ്ലാന്റ് സ്ഥാപിക്കാന്‍ ശുപാര്‍ശ

Webdunia
ഞായര്‍, 14 ഏപ്രില്‍ 2013 (16:02 IST)
PRO
PRO
കൂടംകുളം ആണവനിലയത്തിലെ സംസ്‌കരണ ജലം ശുദ്ധീകരിക്കുന്നതിന് പ്രത്യേക പ്ലാന്റ് സ്ഥാപിക്കാന്‍ ശുപാര്‍ശ. തീരസംരക്ഷണമേഖലയില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നാണ് ശുപാര്‍ശ. പ്ലാന്റിലെ വെള്ളം കടലിലേക്ക് ഒഴുക്കുന്നതിന് അനുമതി നല്‍കാനും വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കൂടംകുളം ആണവനിലയത്തില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം ഈ മാസം ആരംഭിക്കാനിരിക്കെയാണ് ശുപാര്‍ശ. പ്ലാന്റ് തണുപ്പിക്കാന്‍ കടല്‍ജലം ശുദ്ധീകരിച്ച് ഉപയോഗിക്കാനാണ് തീരുമാനം. തണുപ്പിച്ച ശേഷം ഈ ജലം കടലിലേക്ക് ഒഴുക്കുന്നതിന് മുമ്പ് യുറേനിയവും പ്ലൂട്ടോണിയവും വേര്‍ത്തിരിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കാനുള്ള അനുമതിക്കാണ് ഇപ്പോള്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഇതിന് പാരിസ്ഥിക മന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിരുന്നില്ല.

പ്ലാന്റ് സ്ഥാപിക്കാന്‍ തീരസംരക്ഷണ മേഖലയില്‍ ഇളവ് നല്‍കാനും ശുപാര്‍ശയുണ്ട്. ശുദ്ധീകരിച്ച ജലം വീണ്ടും കടലിലേക്ക് വിടുന്നത് ജൈവസമ്പത്തിനെ ബാധിക്കില്ലെന്ന് സുപ്രീംകോടതിയെ നേരത്തെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. പ്ലാന്റ് തണുപ്പിച്ച ശേഷം നാല് കൈവഴികളിലായി 166.6 ക്യുബിക് മീറ്റര്‍ വെള്ളം പുറത്തുവരുമെന്നാണ് കണക്ക്. ഇതില്‍ 96 ശതമാനം യുറേനിയവും ഒരു ശതമാനം പ്ലൂട്ടോണിയവും വേര്‍തിരിക്കാം. ശേഷിക്കുന്ന മൂന്ന് ശതമാനം വേര്‍തിരിക്കാന്‍ കഴിയില്ലെങ്കിലും ഇത് കടലിലേക്ക് ഒഴുക്കുന്നതിലൂടെ ജൈവസമ്പത്തിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനും വ്യക്തമാക്കിയിരുന്നു. 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പവര്‍ പ്ലാന്റ് ഈ മാസം അവസാനം പ്രവര്‍ത്തനം ആരംഭിച്ചേക്കും.