കൂടംകുളത്തിന് സുപ്രീംകോടതിയുടെ പ്രവര്‍ത്തനാനുമതി

Webdunia
തിങ്കള്‍, 6 മെയ് 2013 (11:57 IST)
PTI
കൂടംകുളം ആണവനിലയം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി ഉത്തരവ്. പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിധി പ്രഖ്യാപിച്ചത്.

വിദഗ്ധ സമിതിയുടെ നിര്‍ദേശാനുസരണമുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ നിലയം തുറക്കരുതെന്നാവശ്യപ്പെട്ട് ആണവനിലയ വിരുദ്ധ പ്രവര്‍ത്തകരാണ് ഹര്‍ജി നല്‍കിയിരുന്നത്.

എന്നാല്‍ നിലയം സുരക്ഷിതമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍, ആണവോര്‍ജ കോര്‍പ്പറേഷന്‍, തമിഴ്‌നാട് സര്‍ക്കാര്‍ എന്നിവര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി ആദ്യം പരിഗണിച്ചപ്പോഴും ആണവനിലയം പ്രവര്‍ത്തിപ്പിക്കുന്നത് തടയാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.



സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണം നിലയം പ്രവര്‍ത്തിക്കേണ്ടതെന്നും രാജ്യത്തിന്റെ വികസനത്തിന് വൈദ്യുതോര്‍ജ്ജം അത്യാവശ്യമാണെന്നും വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാടിനെ കണ്ണും പൂട്ടി എതിര്‍ക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. സമരസമിതിക്കുവേണ്ടി സുന്ദര്‍രാജനാണ് ഹര്‍ജി നല്‍കിയിരുന്നത്. പ്രശാന്ത് ഭൂഷണാണ് ഹര്‍ജിക്കാരനു വേണ്ടി ഹാജരായത്.