കൂടംകുളം ആണവനിലയം ഏപ്രിലില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന് പ്രധാനമന്ത്രി ഈ ഉറപ്പ് നല്‍കി. ഡര്‍ബനില്‍ ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
കൂടംകുളത്തെ ആദ്യ റിയാക്ടറാണ് ഏപ്രിലില്‍ പ്രവര്‍ത്തനം തുടങ്ങുക. ഇത് ആയിരം മെഗാവാട്ട് ശേഷിയുള്ളതാണ്. രണ്ടു റിയാക്ടറുകള്‍ക്ക് സുരക്ഷാ അനുമതി ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. മൊത്തം ആറ് റിയാക്ടറുകള്‍ സ്ഥാപിക്കാനാണ് റഷ്യയുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതിനായി നാല് ശതമാനം പലിശ നിരക്കിലാണ് റഷ്യ സാമ്പത്തികമായി സഹായിക്കുന്നത്.
നിലയത്തിനെതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കെയാണ് പ്രവര്‍ത്തനം തുടങ്ങുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി റിയാക്ടര്‍ കമ്മിഷന്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് തന്നെയാണ് സമര സമിതിയുടെ തീരുമാനം.