കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് ഒരു മാസത്തേക്ക് നീട്ടിവെച്ചു. ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐഎല്‍)യാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ഈ മാസം കമ്മീഷന്‍ ചെയ്യാനിരുന്ന 1000 മെഗാവാട്ടിന്റെ ആദ്യയൂണിറ്റിന്റെ പ്രവര്‍ത്തനമാണ് മാറ്റിവെച്ചിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശം പാലിക്കുന്നതിനുവേണ്ടിയാണ് ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് ഒരുമാസത്തേക്ക് മാറ്റിയത്. മെയ് ആറിനാണ് ആണവനിലയം കമ്മീഷന്‍ ചെയ്യുന്നതിനുള്ള അനുമതി സുപ്രീംകോടതി നല്‍കിയത്. ഇതിനോടൊപ്പമാണ് സുരക്ഷ സംബന്ധിച്ച 15 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സുപ്രീംകോടതി പുറപ്പെടുവിച്ചത്.
ഇതിനിടെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നുള്ള പരിശോധനയില്‍ ആണവനിലയതില്‍ സുരക്ഷവീഴ്ച് കണ്ടെത്തിയ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിശദമായ പരിശോധന വേണമെന്നാവശ്യപ്പെട്ടു 60 ശാസ്ത്രജ്ഞര്‍ ഒപ്പിട്ട കത്തു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ഊര്‍ജവകുപ്പിനും കേരള - തമിഴ് നാട് മുഖ്യന്ത്രിമാര്‍ക്കും അയച്ചു.
ഐ ഐ എസ് (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്), ഐ ഐ ടി മദ്രാസ്, ഐസര്‍, ഐ എ സി എസ്, ഐ എ എ എസ്(ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്), ഐ യു സി എ എ തുടങ്ങിയിടങ്ങളിലെ ശാസ്ത്രജ്ഞരാണ് കത്തയച്ചത്.