കുടിവെള്ളത്തിനായി തര്‍ക്കം; യുവതി കൊല്ലപ്പെട്ടു

Webdunia
ശനി, 5 ഏപ്രില്‍ 2014 (17:50 IST)
PRO
ദക്ഷിണ ഡല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍ കുടിവെള്ളത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെ യുവതി അടിയേറ്റു മരിച്ചു. ദക്ഷിണ ഡല്‍ഹിയിലെ വീട്ടുജോലിക്കാരിയായ ആരാധന (47) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് സന്ദീപ്, ആധീര്‍, ലക്ഷ്മി എന്നിവര്‍ അറസ്റ്റിലായി. ഇവരുടെ അയല്‍ക്കാരിയായിരുന്നു കൊല്ലപ്പെട്ട ആരാധന.

വ്യാഴാഴ്ച രാത്രിയില്‍ പൊതുടാപ്പില്‍നിന്ന് വെള്ളമെടുക്കുന്നതിനിടെയാണ് തര്‍ക്കം തുടങ്ങിയത്. ആരാധനയുടെ മകള്‍ നിരതെറ്റിച്ച് വെള്ളമെടുക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിനു കാരണം. ആരാധനയുടെ മകളും ഇവരുമായി ഇതിനിടെ വാക്കുതര്‍ക്കമുണ്ടായി.

പ്രശ്‌നം സ്ഥലത്തുവച്ചുതന്നെ പരിഹരിച്ചുവെങ്കിലും പിന്നീട് സംഭവം അറിഞ്ഞെത്തിയ ആരാധന മകളുമായി വഴക്കുണ്ടാക്കിയവരെ ചോദ്യം ചെയ്തു. ഇതിനിടെ മര്‍ദ്ദനമേറ്റ് ആരാധന മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.