കാശ്മീരില്‍ വീണ്ടും കര്‍ഫ്യൂ; അമര്‍നാഥ് തീര്‍ഥാടനം തടസപ്പെട്ടു

Webdunia
വെള്ളി, 19 ജൂലൈ 2013 (18:55 IST)
PRO
PRO
ബിഎസ്എഫുകാരുടെ ആക്രമണത്തില്‍ നാലു ഗ്രാമീണര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് കാശ്മീര്‍ താഴ്വരയില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇതെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ഥാടനം തടസപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അമര്‍നാഥ് തീര്‍ഥാടനത്തിനായി എത്തിച്ചേര്‍ന്ന ആയിരത്തോളം പേര്‍ ഇവിടെ കുടുങ്ങി. സിആര്‍പിഎഫ് ക്യാമ്പുകളില്‍ ആണ് പലരുമിപ്പോള്‍. വിവിധ സംഘടനകള്‍ മൂന്നു ദിവസത്തെ ബന്ദിന് ആഹ്വാനം ചെയ്തു.

ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംശയാസ്പദമായ നിലയില്‍ കണ്ട ഒരു യുവാവിനെ ചോദ്യം ചെയ്തതാണ് പ്രശ്നത്തിനുകാരണമെന്നും പള്ളിയിലെ ഇമാമിന്റെ നേതൃത്വത്തില്‍ ആയിരത്തോളം പ്രദേശവാസികള്‍ ക്യാമ്പ് ആക്രമിക്കാന്‍ എത്തിയപ്പോഴാണ് വെടിവെച്ചതെന്നുമാണ് ബിഎസ്എഫിന്റെ വിശദീകരണം. എന്നാല്‍, ബുധനാഴ്ച രാത്രി പ്രദേശത്തെ പള്ളിയിലേക്ക് ഷൂസിട്ട് കയറാന്‍ ശ്രമിച്ച ബിഎസ്എഫുകാരെ ഗ്രാമീണരും പള്ളിയിലെ ഇമാമും ചേര്‍ന്ന് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇമാമിനെ ബിഎസ്എഫുകാര്‍ മര്‍ദിച്ചതായും ഖുര്‍ആന്‍ അശുദ്ധമാക്കാന്‍ ശ്രമിച്ചതായും നാട്ടുകാര്‍ ആരോപിച്ചു.

പട്ടാളത്തിനെതിരേ ഗ്രാമീണര്‍ കടുത്ത പ്രതിഷേധത്തിലാണ്. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിണ്ഡെ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.