കായികരംഗം പെരുമാറ്റച്ചട്ടത്തിന് വിധേയമാക്കുന്നു

Webdunia
വെള്ളി, 31 മെയ് 2013 (17:05 IST)
PRO
PRO
ഐ പി എല്ലിലെ ഒത്തുകളിയും വാതുവയ്പ്പും കായിക രംഗത്തെ പിടിച്ചുലച്ച സാഹചര്യത്തില്‍ കായിക താരങ്ങളെയും കായിക സംഘടനാ ഭാരവാഹികളെയുമുള്‍പ്പെടെ പെരുമാറ്റച്ചട്ടത്തിനു കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു‌. ഇന്ത്യയിലെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദേശതാരങ്ങള്‍ക്കും ബാധകമാവുന്ന തരത്തിലായിരിക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരുക.

ടീം സെലക്ടര്‍മാര്‍, ടീം മാനേജര്‍മാര്‍, പരിശീലകര്‍ തുടങ്ങിയവരെയും പെരുമാറ്റച്ചട്ടത്തിന്റെ പരിധിയിലുള്‍പ്പെടുത്തും. ഇതു സംബന്ധിച്ചു നിയമമന്ത്രാലയം തയാറാക്കിയ കരട്‌ ബില്‍ കായിക മന്ത്രാലയത്തിന്റെ പരിഗണനയിലാണ്‌. ഇക്കാര്യത്തില്‍ അറ്റോര്‍ണി ജനറല്‍ ഗൂലം ഇ വാഹന്‍വതിയോട്‌ കായികമന്ത്രാലയം നിയമോപദേശവും തേടി.

ഒത്തുകളിയും വാതുവയ്പും സംബന്ധിച്ചുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്നതിന്‌ ഒരു അതോറിറ്റിക്ക്‌ രൂപം നല്‍കണം. ഈ അതോറിറ്റികള്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം പരാതി നിലനില്‍ക്കുന്നതാണെന്നു കണ്ടാല്‍ കോടതിക്കു കൈമാറാനും കേന്ദ്ര നിയമമന്ത്രാലയം തയാറാക്കിയ കരട്‌ നിയമത്തില്‍ നിര്‍ദേശിക്കുന്നു.

കരട്‌ നിയമത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ചു നിയമന്ത്രാലയത്തിനുള്ള നിര്‍ദേശങ്ങള്‍ എത്രയും പെട്ടന്ന് നല്‍കുമെന്ന്‌ കായികമന്ത്രാലയം അറിയിച്ചു.