ചൈനയില്‍ നിന്നും പുത്തന്‍ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍

ശനി, 4 ജനുവരി 2025 (20:40 IST)
ചൈനയില്‍ നിന്നും പുത്തന്‍ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഒന്ന് രണ്ട് കാര്യങ്ങള്‍ നാം പരിഗണിക്കേണ്ടത്തുണ്ട്. ചൈനയിലുണ്ടാകുന്ന രോഗാണു ബാധകളെ ലോകം മുഴുവന്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതുകൊണ്ടും അതിന് കൂടുതല്‍ വാര്‍ത്താപ്രാധാന്യം ഉള്ളതുകൊണ്ടും വാര്‍ത്തകള്‍ പര്‍വതീകരിക്കാനുള്ള സാധ്യതകള്‍ ഉണ്ട് എന്നതാണ് ഒന്നാമത്തെ കാര്യം. 2000ല്‍ ഉണ്ടായ സാര്‍സിന് ശേഷവും 2019ല്‍ ഉണ്ടായ കോവിഡ് 19 മഹാമാരിക്ക് ശേഷവും ചൈനയുടെ രോഗനിരീക്ഷണ സംവിധാനം വളരെ ശക്തമായി എന്നതിനാല്‍ സത്യത്തില്‍ ഉണ്ടാകുന്ന അണുബാധകളുടെ സിംഹഭാഗവും ചൈന കണ്ടെത്തുന്നു എന്നതാണ് രണ്ടാമത്തെ വസ്തുത. 
 
ലോകത്തിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതല്‍ കാലം ലോക്ക്ഡൗണ്‍ അനുഭവിച്ച ഒരു രാജ്യമാണ് ചൈന എന്നതുകൊണ്ട് തന്നെ ഇപ്പോഴും കോവിഡ് 19 സമൂഹത്തില്‍ പൂര്‍ണ്ണമായും വ്യാപിച്ചിട്ടില്ല എന്നാണ് മറ്റൊരു വിലയിരുത്തല്‍. നീണ്ടുനില്‍ക്കുന്ന ലോക്‌ഡോണുകള്‍ കോവിഡിന്റെ മാത്രമല്ല, ഇന്‍ഫ്ലുന്‍സ, HMPV എന്നിവ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെയും വ്യാപനം താല്‍ക്കാലികമായി കുറയ്ക്കുകയും ലോക്ക് ഡൌണ്‍ പിന്‍വലിക്കുമ്പോള്‍ പ്രസ്തുത അണുബാധകള്‍ തിരിച്ചുവരികയും ചെയ്യുന്ന അവസ്ഥയുണ്ടാക്കും. അതുകൊണ്ടുതന്നെ ഇപ്പോള്‍ ബാധിച്ചു കൊണ്ടിരിക്കുന്ന വൈറസ് അണുബാധകള്‍ ചൈനക്ക് പുറത്ത് വളരെയധികം ഭീഷണി ഉയര്‍ത്താന്‍ സാധ്യതയില്ല എന്നും ഒരു വിലയിരുത്തലുണ്ട്. എങ്കിലും നാം ജാഗ്രത കൈവെടിയാന്‍ പാടില്ല.
 
ഹ്യൂമന്‍ മെറ്റാന്യൂമോണിയ വൈറസ് ഉള്‍പ്പെടെയുള്ള അണുബാധകള്‍ കുഞ്ഞുങ്ങളെയും പ്രായാധിക്യം ഉള്ളവരെയും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവരും മറ്റു ഗുരുതരമായ രോഗങ്ങള്‍ ഉള്ളവര്‍ പാലിയേറ്റീവ് ചികിത്സ എടുക്കുന്ന ആളുകള്‍ തുടങ്ങിയവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. രോഗങ്ങള്‍ ഉള്ള സമയത്ത് കുഞ്ഞുങ്ങളെ സ്‌കൂളില്‍ വിടരുത്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ച്ചയായും മാസ്‌കുകള്‍ ഉപയോഗിക്കണം. നിലവില്‍ ഭയപ്പെടേണ്ട യാതൊരു സാഹചര്യങ്ങളും ഇല്ല. ചൈനയിലെ അവസ്ഥ നാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും രീതിയില്‍ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുള്ള രോഗാണുബാധ കണ്ടെത്തുന്ന പക്ഷം വളരെ വേഗത്തില്‍ തന്നെ അതിനെ നിയന്ത്രിക്കാനും നമുക്ക് കഴിയും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍