കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ചു

Webdunia
തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2010 (10:27 IST)
കാമുകന്റെ വിശ്വാസ്യതയില്‍ സംശയം തോന്നിയ കാമുകി അറ്റകൈ പ്രയോഗിച്ചു, അയാളുടെ ലൈംഗികാവയവം ഛേദിച്ചു. അലഹബാദിലെ കേണല്‍ഗഞ്ചില്‍ ഞായറാഴ്ച നടന്ന സംഭവത്തില്‍ കാമുകന്‍ മരിച്ചു.

പഴക്കച്ചവടക്കാരിയായ ജ്യോതി എന്ന വിധവയാണ് കാമുകനും ഓട്ടോറിക്ഷ ഡ്രൈവറുമായ ജയ് പ്രകാശിന്റെ ജനനേന്ദ്രിയം ഛേദിച്ചത്. ജയ്പ്രകാശുമായി ദീര്‍ഘകാലമായി ബന്ധം പുലര്‍ത്തി വന്ന ജ്യോതിക്ക് അടുത്തകാലത്തായി അയാളുടെ ആത്മാര്‍ത്ഥതയില്‍ സംശയമുണ്ടായിരുന്നു.

തന്നെ വഞ്ചിക്കുന്ന കാമുകനെ ഒരു പാഠം പഠിപ്പിക്കണമെന്ന് തീരുമാനിച്ച ജ്യോതി അയാളെ മദ്യപിക്കുന്നതിനായി ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കാമുകന്‍ മദ്യലഹരിയില്‍ ആയ ഉടന്‍ ജ്യോതി കല്ലുപയോഗിച്ച് അയാളെ തലക്കടിച്ച് വീഴ്ത്തി. അബോധാവസ്ഥയിലായ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയും ചെയ്തു.

ജ്യോതി സംഭവസ്ഥലത്തു നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ചില്ല. പകരം, അവിടെയിരുന്ന് നിലവിളിച്ച് ആളുകളെ വിളിച്ചുകൂട്ടി. കരച്ചില്‍ കേട്ട് എത്തിയവര്‍ ജയ് പ്രകാശിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജ്യോതിക്കെതിരെ പൊലീസ് കൊലപാതക കേസ് എടുത്തിട്ടുണ്ട്.