കാഞ്ചി ശങ്കര രാമന്‍ വധക്കേസില്‍ പ്രതികളെ വെറുതെ വിട്ടു

Webdunia
ബുധന്‍, 27 നവം‌ബര്‍ 2013 (11:20 IST)
PRO
കാഞ്ചി ശങ്കര രാമന്‍ വധക്കേസില്‍ മഠാധിപതി കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിയടക്കം മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാണ് 23 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത്.

പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് കോടതി കണ്ടെത്തി. എട്ട് വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് പുതുച്ചേരി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സി.എസ് മുരുകനാണ് കേസില്‍ വിധി പറഞ്ഞത്. കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിയും, ഇളയമഠാധിപതി വിജേന്ദ്ര സരസ്വതിയുമായിരുന്നു കേസില്‍ ഒന്നും രണ്ടും പ്രതികള്‍.

2004 സെപ്തംബര്‍ മൂന്നിനാണ് കാഞ്ചീപുരം ശ്രീവരദരാജ പെരുമാള്‍ ക്ഷേത്ര മാനേജര്‍ ശങ്കര രാമനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് മഠാധിപതി ജയേന്ദ്ര സരസ്വതിയിലേക്കും ഇളയ മഠാധിപതി വിജയേന്ദ്ര സരസ്വതിയിലേക്കും എത്തിച്ചേര്‍ന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ടു പേര്‍ നല്‍കിയ മൊഴികളാണ് ഇവര്‍ക്കെതിരായ പ്രധാന തെളിവുകള്‍. ഇതേ തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

2004 നവംബറില്‍ അറസ്റ്റിലായ പ്രതികള്‍ ഡിസംബറ്ല്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങി. ക്രിമിനല്‍ ഗൂഢാലോചന, വ്യാജ വിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിക്കല്‍, കുറ്റം ചെയ്യാന്‍ പണം നല്‍കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ കോടതികളില്‍ നിന്ന് തനിക്ക് നീതി ലഭിക്കില്ലെന്ന ജയേന്ദ്ര സരസ്വതിയുടെ ഹര്‍ജിയെ തുടര്‍ന്ന് 2005ല്‍ സുപ്രീംകോടതി കേസ് ചെങ്കല്‍പേട്ട് കോടതിയില്‍ നിന്നും പുതുച്ചേരി സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു.

കേസില്‍ മൊത്തം 24 പ്രതികളാണുള്ളത്. ഇതില്‍ ആറാം പ്രതി കതിരവന്‍ കഴിഞ്ഞ മാര്‍ച്ചില്‍ കൊല്ലപ്പെട്ടിരുന്നു. 2009 മുതല്‍ മൂന്ന് വര്‍ഷം നീണ്ട വിചാരണക്കാലയളവില്‍ 189 സാക്ഷികളെ കോടതി വിസ്തരിച്ചു. 81 സാക്ഷികള്‍ ഇതിനോടകം കൂറുമാറി.