കസ്റ്റഡി പീഡനം: പൊലീസ് സ്റ്റേഷനുകളില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കണം

Webdunia
ശനി, 30 നവം‌ബര്‍ 2013 (14:49 IST)
PRO
PRO
കസ്റ്റഡിയിലുള്ള പ്രതികള്‍ക്കുനേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പീഡനങ്ങളും കസ്റ്റഡി മരണങ്ങളും തടയാന്‍ പൊലീസ് സ്‌റ്റേഷനുകളില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ശുപാര്‍ശ. പൊലീസ് കസ്റ്റഡിയിലെ പീഡനം സംബന്ധിച്ച വലിയ പരാതികള്‍ ഉണ്ടായ സാഹചര്യത്തില്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ക്യൂറിയുടേതാണ് ശുപാര്‍ശ. റിപ്പോര്‍ട്ട് അമിക്കസ്‌ക്യൂറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

എല്ലാ പൊലീസ് സ്‌റ്റേഷനുകളും സിസി ടിവി നിരീക്ഷണത്തില്‍ ആക്കണം. പൊലീസ് സ്‌റ്റേഷനിലെ എല്ലാ മുറികളും സിസിടിവിയുടെ നിരീക്ഷണത്തിലായിരിക്കണം. പൊലീസ് സ്‌റ്റേഷനുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ മാധ്യമ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി രൂപീകരിക്കണം. സിസി ടിവി ദൃശ്യങ്ങള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിക്കണം. എല്ലാ സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണം തുടങ്ങിയ ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്.

ഇക്കാര്യത്തില്‍ പരിശോധന നടത്താന്‍ മുതിര്‍ന്ന അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വിയെ ആയിരുന്നു അമിക്കസ് ക്യൂറിയായി സുപ്രീംകോടതി നിയമിച്ചത്. ഈ ശുപാര്‍ശകളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ക്കുള്ള അഭിപ്രായം അറിഞ്ഞ ശേഷം സുപ്രീംകോടതി അന്തിമ തീരുമാനം എടുക്കും.