പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള ഡോ. കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നതാധികാര സമിതി രൂപവത്ക്കരിക്കും. വനം പരിസ്ഥിതി മന്ത്രാലയമാണ് സമിതി രൂപീകരിക്കുന്നത്.
റിപ്പോര്‍ട്ട് സമയബന്ധിതമായി നടപ്പിലാക്കുന്നതിനായാണ് സമിതി. വനം പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയായിരിക്കും സമിതി അധ്യക്ഷന്‍. സമിതിയിലെ മറ്റ് അംഗങ്ങളെ പിന്നീട് തീരുമാനിക്കും.
കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം മന്ത്രാലയം ഉടന്‍ വിജ്ഞാപനം ചെയ്യും. പശ്ചിമഘട്ടത്തിലെ ആറു സംസ്ഥാനങ്ങളിലായി 60,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയായി കണക്കാക്കും.
ഈ മേഖലയില്‍ ഖനനം, പാറപൊട്ടിക്കല്‍, താപവൈദ്യുതി നിലയങ്ങള്‍, മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ എന്നിവ അനുവദിക്കില്ല. കാറ്റാടി, ജലവൈദ്യുതി തുടങ്ങിയ മറ്റ് പദ്ധതികള്‍ ഗ്രാമസഭകളുടെ അംഗീകാരത്തോടെയേ അനുവദിക്കൂ.
മധ്യപ്രദേശില്‍ ഉത്ഭവിച്ച് മഹാരാഷ്ട്ര വഴിയൊഴുകുന്ന തപ്തി നദി മുതല്‍ കന്യാകുമാരി വരെയുള്ള 1,500 കി.മീ. പശ്ചിമഘട്ടം രാജ്യത്തെ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷിത മേഖലയാകും. പശ്ചിമഘട്ടത്തിലെ 37 ശതമാനം വരുന്ന ഈ പ്രദേശം പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ പരിധിയിലുമാകും.
ജൈവവൈവിധ്യം, വനമേഖല, ജനസാന്ദ്രത എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് നിയന്ത്രണങ്ങള്‍ വരുന്നത്. പരിസ്ഥിതി സംരക്ഷണനിയമത്തിന്റെ പരിധിയില്‍ വരുന്ന വ്യവസായങ്ങളുടെ പട്ടിക പുറത്തിറക്കും.
ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 21ന്കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചിട്ടുണ്ട്.