മുംബൈ ആക്രമണത്തിനിടെ പിടിയിലായ ഏക തീവ്രവാദി അജ്മല്‍ അമീര്‍ കസബ് ഇന്ത്യയിലെത്തിയത് കടല്‍ മാര്‍ഗമല്ലെന്ന പാകിസ്ഥാന്‍ നാവികസേനാ മേധാവി അഡ്മിറല്‍ നോമന്‍ ബഷീറിന്‍റെ വാദം ഇന്ത്യ തള്ളി. കസബ് എത്തിയത് കടല്‍ മാര്‍ഗം തന്നെയെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു.
കടല്‍ മാര്‍ഗമാണ് കസബ് ഇന്ത്യയില്‍ എത്തിയതെങ്കില്‍ അത് ഇന്ത്യന്‍ നാവികസേനയുടെയും തീരദേശ സേനയുടെയും പരാജയമാണെന്ന പാക് നാവിക സേന മേധാവിയുടെ പ്രസ്താവനയെക്കുറിച്ച് പരാമര്‍ശിക്കവെ ഇന്ത്യന്‍ സൈന്യത്തിന് പാക് നേവിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ചിദംബരം പറഞ്ഞു. നേരത്തെ, കസബ് എത്തിയത് കടല്‍ മാര്‍ഗമാണെന്ന കാര്യത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നതായി വിദേശ കാര്യ സഹമന്ത്രി ആനന്ദ് ശര്‍മയും പറഞ്ഞിരുന്നു. പ്രസ്താവനകള്‍ നിര്‍ത്തി നടപടി സ്വീകരിക്കാന്‍ അദ്ദേഹം പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
മുംബൈ ആക്രമണത്തിന് പാക് മണ്ണ് ഉപയോഗിച്ചു എന്ന് ആ രാജ്യം സമ്മതിച്ചത് ഇന്ത്യന്‍ സര്‍ക്കാരിന്‍റെ വിജയമാണെന്ന് ചിദംബരം പറഞ്ഞു. ഇന്ത്യ നല്‍കിയ തെളിവുകള്‍ സംബന്ധിച്ച് പ്രധാനമായും 30 ചോദ്യങ്ങളാണ് പാകിസ്ഥാന്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇവയ്ക്കുള്ള മറുപടി തയ്യാറായി വരികയാണ്. എന്നാല്‍ പല കാര്യങ്ങളും മുംബൈ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ ഉള്ളവയാണ്. മറുപടി ലഭിച്ച ശേഷം പാകിസ്ഥാന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നുമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത് - ചിദംബരം പറഞ്ഞു.