വിഘടനവാദി നേതാവ് മസ്രത് ആലം ഭട്ടിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീരില്‍ നടക്കുന്ന ബന്ദ് അക്രമാസക്തമായി. അക്രമാസക്തരായ ജനക്കൂട്ടത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. കൌമാരപ്രായക്കാരനായ ഒരാള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
അതേസമയം, പലയിടത്തും അക്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. ഈ സാഹചര്യത്തില്‍ വന്‍ സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് അലിഷാ ഗിലാനിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
മസ്രത് ആലമിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഇന്നലെ ശ്രീനഗറില്‍ ഉണ്ടായ പ്രതിഷേധത്തിനിടെ 14 പേര്‍ക്ക് പരുക്കേറ്റിരുന്നു. ആലത്തെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. നേരത്തെ ജമ്മു കശ്‌മീരില്‍ പാകിസ്ഥാന്‍ പതാക വീശി പാക് അനുകൂല മുദ്രാവാക്യം മുഴക്കുകയും ചെയ്ത മസ്രത് ആലമിനെ അറസ്‌റ്റ് ചെയ്തിരുന്നു.
2010ല്‍ കശ്മീരില്‍ കല്ലെറിയല്‍ പ്രതിഷേധത്തെ തുടര്‍ന്ന് 122 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തടവിലായിരുന്ന ആലം കശ്മീരില്‍ പുതിയ സര്‍ക്കാര്‍ വന്നതിനെ തുടര്‍ന്നു 40 ദിവസം മുന്‍പാണ് മോചിതനായത്. ആലമിനെ വിട്ടയച്ച കശ്മീര്‍ സര്‍ക്കാരിന്റെ തീരുമാനം അന്നുതന്നെ വന്‍ വിവാദമായിരുന്നു.