കശ്മീരില്‍ കലാപമുണ്ടാക്കുന്നത് ഐ‌എസ്‌ഐ: യു എസ്

Webdunia
ശനി, 25 ജൂലൈ 2009 (08:53 IST)
കശ്മീരിലും അഫ്ഗാനിസ്ഥാനിലും കലാപം പടര്‍ത്തുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പാക് ചാര സംഘടനയായ ഐ‌എസ്‌ഐ ആണെന്ന് അമേരിക്ക. അമേരിക്കന്‍ ജോയന്റ് ചീഫ്സ് ഓഫ് സ്റ്റാഫ്, അഡ്മിറല്‍ മൈക്ക് മുള്ളനാണ് ഐ‌എസ്‌ഐയ്ക്ക് എതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

പാക് ചാരസംഘടനയുടെ ഇത്തരത്തിലുള്ള തന്ത്രപരമായ ലക്‍ഷ്യങ്ങളില്‍ മാറ്റം വരുത്തണം എന്ന് മുള്ളന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പാക് ഭരണ നേതൃത്വവുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അഡ്മിറല്‍ പറഞ്ഞു.

കശ്മീരിലെയും അഫ്ഗാനിലെ ഗോത്ര വര്‍ഗ മേഖലയിലെയും ഭീകര സംഘടനകളെ ഐ‌എസ്‌ഐ സഹായിക്കുന്നു. സ്വന്തം നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടി അയല്‍ രാജ്യങ്ങളില്‍ കലാപം പടര്‍ത്തുന്ന തന്ത്രത്തില്‍ നിന്ന് ഐ‌എസ്‌ഐ പിന്മാറണം , മുള്ളര്‍ അല്‍-ജസീറ ടിവിയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.