കശ്മീരിലെ അനന്ത്നാഗിൽ വീണ്ടും തീവ്രവാദി അക്രമണം; രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു

Webdunia
ശനി, 4 ജൂണ്‍ 2016 (14:46 IST)
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വടക്കൻ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ വീണ്ടും ഭീകരാക്രമണം. ഇരുപത്തിനാലു മണിക്കൂറിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഭീകരാക്രമണമാണ് ഇത്. ഓഫീസർ ഉൾപ്പെടെ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അനന്ത്നാഗ് നഗരത്തിലെ ബസ് സ്റ്റാൻഡിന് സമീപം ഭീകരർ പൊലീസുദ്യോഗസ്ഥർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 
 
രാവിലെ 12മണിയോടെയാണ് അക്രമണം നടന്നത്. അസിസറ്റന്റ് സബ് ഇൻസ്പെക്ടർ ബഷീർ അഹമ്മദ്, കോൺസ്റ്റബിൾ റയീസ് അഹമ്മദ് എന്നിവരാണ് ആക്രമണത്തിൽ മരിച്ചത്. പരുക്കേറ്റ രണ്ട് പൊലീസുകാരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
വെള്ളിയാഴ്ച വൈകുന്നേരം ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ബിജ്‌ബെഹാരയില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു ബി എസ് എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ബി എസ് എഫ് വാഹനവ്യൂഹനത്തിന് നേര്‍ക്കാണ് ഇന്നലെ തീവ്രവാദികള്‍ പതിയിരുന്ന് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 
അനന്ത്നാഗ് നിയമസഭാ സീറ്റിലേക്ക് ഈ മാസം 22നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനെ തുടര്‍ന്നാണ് തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടാകുന്നത്. മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഉൾപ്പെടെ ഒൻപത് പേരാണ് തെരഞ്ഞെടുപ്പില്‍ മൽസരിക്കുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article