തന്റെ വീട്ടില്‍ നടന്ന ആദായനികുതി റെയ്ഡില്‍ അനധികൃത സ്വത്ത് സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തു എന്ന വാര്‍ത്തയ്ക്കെതിരെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര രംഗത്ത്. പ്രിയങ്ക ചോപ്രയ്ക്കെതിരെ അയഥാര്‍ത്ഥമായ വാര്‍ത്തകളാണ് പ്രചരിക്കുന്നത് എന്ന് നടിയുടെ വക്താവ് വെളിപ്പെടുത്തി.
അടിസ്ഥാനമില്ലാത്ത വാര്‍ത്തകളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. തങ്ങള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി പരമാവധി സഹകരിക്കുകയാണ് ചെയ്തത്. പരിശോധന നടക്കുന്നതിനാല്‍ ഇതെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ തയ്യാറാവുന്നില്ല എന്നും പ്രിയങ്ക ചോപ്രയുടെ വക്താവ് പറഞ്ഞു.
തിങ്കളാഴ്ചയാണ് പ്രിയങ്ക ചോപ്ര ഉള്‍പ്പെടെയുള്ള ചില ബോളിവുഡ് താരങ്ങളുടെ വസതിയിലും ഓഫീസിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. പ്രിയങ്ക ചോപ്രയ്ക്ക് കണക്കില്‍ പെടാത്ത 7.5 കോടി രൂപയുടെ സ്വത്ത് ഉണ്ടെന്നും ഇതു സംബന്ധിച്ച രേഖകള്‍ അധികൃതര്‍ പിടിച്ചെടുത്തു എന്നുമായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍.