കള്ളപ്പണം: അന്വേഷണ സംഘം വേണമെന്ന് കോടതി

Webdunia
വ്യാഴം, 21 ഏപ്രില്‍ 2011 (15:33 IST)
PRO
വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായം അറിയിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ചയോടെ അഭിപ്രായം അറിയിക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച വിവിധ സ്ഥിതിവിവര റിപ്പോര്‍ട്ടുകളിലെല്ലാം തടസ്സങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ ഇത്തരമൊരു അന്വേഷണ സംഘം രൂപീകരിക്കുന്നത് അത്യാവശ്യമാണ്. അന്വേഷണ സംഘത്തില്‍ വിവിധ ഏജന്‍സികളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താം.

വിരമിച്ച ജഡ്ജിയോ ചീഫ് ജസ്റ്റിസിനെയോ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്നതിന് നിയോഗിക്കാം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ഐബി, റോ, പൊലീസ് എന്നീ ഏജന്‍സികളില്‍ നിന്നും ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ നിയോഗിക്കാം എന്നും കോടതി പറഞ്ഞു.

വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കോടിക്കണക്കിനു ഡോളര്‍ മൂല്യമുള്ള കള്ളപ്പണം ഇന്ത്യയില്‍ എത്തിക്കുന്നതിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ രാം ജഠ്‌മലാനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്.