ഓസ്ട്രേലിയ: രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റു

Webdunia
ചൊവ്വ, 26 ജനുവരി 2010 (10:58 IST)
ഓസ്ട്രേലിയയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി മര്‍ദ്ദനമേറ്റു. തിങ്കളാഴ്ച രാത്രി 10:20 ഓടെയാണ് ആക്രമണ സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. ആക്രമണം വംശീയപരമാണെന്ന് പറയാനാവില്ല എന്നാണ് പൊലീസ് ഭാഷ്യം.

ഏഷ്യന്‍ വംശജരാണ് ആക്രമണം നടത്തിയതെന്ന് സംശയമുണ്ട്. 18 ഉം 22 ഉം വയസ്സുള്ള വിദ്യാര്‍ത്ഥികളാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ 18 വയസ്സുള്ള വിദ്യാര്‍ത്ഥിയുടെ ചെവിക്ക് മുറിവേറ്റു. ഇയാളെ സെന്റ് വിന്‍സന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

നിതിന്‍ ഗാര്‍ഗ് എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് യാരവില്ലെ പാര്‍ക്കില്‍ വച്ച് കുത്തേറ്റ് മൂന്നാഴ്ച തികയും‌മുമ്പാണ് വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ലക്‍ഷ്യമിട്ടുള്ള ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മാസം ഓസ്ട്രേലിയയില്‍ മുന്ന് ടാക്സി ഡ്രൈവര്‍മാരും ആക്രമണത്തിനിരയായി. ബല്ലാരറ്റില്‍ വച്ച് ആക്രമിക്കപ്പെട്ട രണ്ട് ടാക്സി ഡ്രൈവര്‍മാരില്‍ ഒരാള്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ആയിരുന്നു.