ഓടുന്ന ട്രെയിനില്‍ ‘മമത ബാനര്‍ജി’ പിറന്നു!

Webdunia
തിങ്കള്‍, 10 ജനുവരി 2011 (19:27 IST)
ശനിയാഴ്ചയാണ് ‘മമത ബാനര്‍ജി’ പിറന്നത്, ഓടുന്ന ട്രെയിനില്‍! ശനിയാഴ്ച ബരൌനി എക്സ്പ്രസ് ട്രെയിനില്‍ പിറന്ന പെണ്‍കുഞ്ഞിന് മാതാപിതാക്കള്‍ റയില്‍‌വെ മന്ത്രി മമത ബാനര്‍ജിയുടെ പേര് നല്‍കി അവളുടെ പിറവിയെ അന്വര്‍ത്ഥമാക്കി.

ബരൌനി എക്സ്പ്രസ് ട്രെയിനിന്റെ എസ് - 9 ബോഗിയിലായിരുന്നു ആരതി എന്ന പൂര്‍ണ ഗര്‍ഭിണിയും ഭര്‍തൃപിതാവും സഞ്ചരിച്ചിരുന്നത്. കുരുക്ഷേത്ര ടൌണ്‍ പിന്നിട്ടപ്പോള്‍ ആരതിക്ക് പ്രസവ വേദന ആരംഭിച്ചു. ഉടന്‍ തന്നെ അടുത്ത സ്റ്റേഷനായ കര്‍ണാലില്‍ റയില്‍‌വെ അധികൃതര്‍ വിവരമറിയിച്ചു.

അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ആരതിയെ ആശുപത്രിയിലെത്തിക്കാനായി കര്‍ണാല്‍ സ്റ്റേഷനില്‍ ആംബുലന്‍സ് തയ്യാറാക്കി നിര്‍ത്തിയിരുന്നു. എന്നാല്‍, സ്റ്റേഷനിലെത്തുമ്പോഴേക്കും ആരതി ഒരു പെണ്‍കുഞ്ഞിന് ജന്‍‌മം നല്‍കിക്കഴിഞ്ഞിരുന്നു. ബോഗിയിലുണ്ടായിരുന്ന മറ്റ് സ്ത്രീകളാണ് വൈദ്യസഹായം ലഭ്യമാ‍ക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ആരതിക്ക് തുണയായത്.

തയ്യാറാക്കി നിര്‍ത്തിയിരുന്ന ആംബുലന്‍സിലാണ് ആരതിയെയും കുഞ്ഞിനെയും ആശുപത്രിയിലാക്കിയത്. ട്രെയിനില്‍ പിറന്ന കുഞ്ഞിനെ ‘മമത ബാനര്‍ജി’ എന്ന് വിളിക്കാനാണ് തീരുമാനമെന്ന് രക്ഷകര്‍ത്താക്കള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.