ഒരുകോടി രൂപ പിടിച്ചു, രാഷ്ട്രപതിയുടെ മകന്‍ വിവാദത്തില്‍

Webdunia
ബുധന്‍, 15 ഫെബ്രുവരി 2012 (13:42 IST)
രാഷ്‌ട്രപതി പ്രതിഭാ പാട്ടിലിന്റെ മകന്‍ കള്ളപ്പണ വിവാദത്തില്‍. പൊലീസ് റെയ്ഡില്‍ മഹാരാഷ്ട്ര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി പൊലീസ് നടത്തിയ റെയ്ഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നുമാണ് കണക്കില്ലാത്ത ഒരു കോടി രൂപ പിടിച്ചെടുത്തത്. കാറിന്റെ ബോണറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

എന്നാല്‍ ഈ പണം പാവപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു കൈമാറാന്‍ വേണ്ടി സംസ്ഥാന ഘടകം നല്‍കിയതാണെന്ന് പ്രതിഭ പാട്ടീലിന്‍റെ മകനും കോണ്‍ഗ്രസ് എംഎല്‍എയുമായ റാവുസാഹിബ് ഷെഖാവത്ത് അഭിപ്രായപ്പെട്ടത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. താന്‍ ആവശ്യപ്പെട്ടിട്ടാണ് സംസ്ഥാന ഘടകം പണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പ്രശ്‌നമിപ്പോള്‍ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. ഈ പണം കള്ളപ്പണമാണെന്നും തെരഞ്ഞെടുപ്പില്‍ ആളുകളെ സ്വാധീനിക്കാനായാണ് ഇത് സൂക്ഷിച്ചിരുന്നതെന്നും ബിജെപി ആരോപിക്കുന്നു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസം കണ്ടെടുത്ത പണം സ്ഥാനാര്‍ത്ഥികള്‍ക്ക് കൊടുക്കാനാണെന്ന് പറയുന്നതില്‍ കഴമ്പില്ലെന്നാണ് ബിജെപിയുടെ നിലപാട്.

മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസും പണം നല്‍കി വോട്ട് നേടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകം സമര്‍ദ്ദത്തിലായിരിക്കുകയാണ്. പ്രതിഭാ പാട്ടിലിന്റെ മകന്‍ ആരോപിതനായതിനാല്‍ കേന്ദ്ര ഘടകവും പ്രശ്നത്തെ ഗുരുതരമായാണ് കാണുന്നത്.