ഐപിഎല്‍ വാതുവെപ്പ്: ധോണിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

Webdunia
വ്യാഴം, 27 മാര്‍ച്ച് 2014 (14:52 IST)
PTI
PTI
ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ ധോണിക്ക് നിക്ഷിപ്ത താല്‍പര്യമെന്ന് ഹരീഷ് സാല്‍വെ. വാതുവയ്‌പു കേസുമായി ധോണിക്ക് ബന്ധമുണ്ടെന്നും രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുവേണ്ടി ഹരീഷ് സാല്‍വെ സുപ്രീംകോടതിയില്‍ വാദിച്ചു. ഐപിഎല്‍ ഒത്തുകളി കേസില്‍ വിചാരണയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.

വാതുവ‌യ്‌പുമായി ബന്ധപ്പെട്ടുള്ള മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ധോണിയുടെയും സുരേഷ് റെയ്നയുടെയും പേരുകള്‍ ഉണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ധോണി ആരോപണങ്ങള്‍ നിഷേധിച്ചു. മാധ്യമങ്ങളില്‍ അത്തരം പരാമര്‍ശങ്ങള്‍ വരുന്നത് തടയണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തു. ധോണിയുടെ ഹര്‍ജി പരിഗണിച്ച കോടതി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഹരീഷ് സാല്‍വെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുളള ഇന്ത്യന്‍ സിമന്റിന്റെ വൈസ് പ്രസിഡന്റാണ് ധോണി. ഗുരുനാഥ് മെയ്യപ്പനെതിരെ ധോണി തെറ്റായ മൊഴി നല്‍കിയത് ഇതിനാലാണെന്നും ഹരീഷ് സാല്‍‌വെ കോടതിയില്‍ വാദിച്ചിരുന്നു.