എ‌ഐ‌ഐ‌എം‌എസ് സമരം പിന്‍‌വലിച്ചു

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2007 (15:32 IST)
മൂന്നു ദിവസമായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (എയിംസ്) റസിഡന്‍റ് ഡോക്‍ടര്‍മാര്‍ നടത്തിവരുന്ന സമരം പിന്‍‌വലിച്ചു. എ‌ഐ‌ഐ‌എം‌എസ് പ്രസിഡന്‍റായ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ഒപ്പില്ലാതെ തന്നെ വിദേശത്ത് ഉപരിപഠനം നടത്താമെന്ന ഉറപ്പ് ലഭിച്ചതു മൂലമാണ് സമരം പിന്‍‌വലിച്ചതെന്നാണ് സമര പ്രതിനിധികള്‍ പറയുന്നത്.

എന്നാല്‍, ഡല്‍‌ഹി ഹൈക്കോടതിയും കേന്ദ്ര ആരോഗ്യ മന്ത്രാലയവും സ്വീകരിച്ച നടപടികളാണ് ഡോക്‍ടര്‍മാരുടെ സമരം പിന്‍‌വലിക്കുന്നതിന് കാരണമായതെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഡോക്‍ടര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡല്‍‌ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഏകദേശം 1100 ഡോക്‍ടമാരാണ് സമരം ചെയ്തിരുന്നത്.

ആരോഗ്യ മന്ത്രിയുടെ ഒപ്പു ലഭിക്കാത്തതു മൂലം 700 സര്‍ട്ടിഫിക്കറ്റുകള്‍ കെട്ടി കിടക്കുന്നുവെന്ന് ആരോപിച്ചാണ് എ‌ഐ‌ഐ‌എം‌എസ് ഡോക്‍ടര്‍മാര്‍ സമരം നടത്തിയത്. എന്നാല്‍, ഇത് ഉദ്യോഗസ്ഥന്മാരുടെ പിടിപ്പുകേടുമൂലമാണ് സംഭവിച്ചതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി അന്‍‌പുമണി രാം ദാസ് പറയുന്നത്. ഡോക്‍ടര്‍മാര്‍ക്ക് വിദേശത്ത് പഠനം നടത്തണമെങ്കില്‍ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ എ‌ഐ‌ഐ‌എം‌എസ് പ്രസിഡന്‍റിന്‍റെ ഒപ്പ് ആവശ്യമാണ്.