എസ് - ബാന്‍ഡ് റദ്ദാക്കി, ദേവാസ് കോടതിയിലേക്ക്?

വ്യാഴം, 17 ഫെബ്രുവരി 2011 (13:14 IST)
PRO
ഐ‌എസ്‌ആര്‍‌ഒയുടെ വാണിജ്യ വിഭാഗമായ ആന്‍‌ട്രിക്സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടിമീഡിയയും തമ്മിലുള്ള എസ് - ബാന്‍ഡ് കരാര്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. അതേസമയം, കരാര്‍ റദ്ദാക്കിയാല്‍ കോടതിയെ സമീപിക്കുമെന്ന് ദേവാസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയാണ് തീരുമാനമെടുത്തത്. രണ്ട് മണിക്കൂറോളം നീണ്ട യോഗത്തിലാണ് സുപ്രധാന തീരുമാനമെടുത്തത്.

ആന്‍‌ട്രിക്സ് കോര്‍പ്പറേഷനുമായുള്ള കരാറിന് നിയമസാധുതയുണ്ട് എന്നും സര്‍ക്കാര്‍ കരാര്‍ പാലിക്കണമെന്നുമാണ് ദേവാസ് ആവശ്യപ്പെടുന്നത്. കരാര്‍ റദ്ദാക്കിയാല്‍ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളുമെന്നാണ് കമ്പനി വ്യക്താമാക്കിയിട്ടുള്ളത്.

2005-ല്‍ ആന്‍‌ട്രിക്സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനവുമായി ഉപഗ്രഹ വിക്ഷേപണത്തിനായി ഏര്‍പ്പെട്ട ഒരു കരാറാണ് വിവാദമായത്. കരാറിന്റെ ഭാഗമായി സ്വകാര്യ കമ്പനിക്ക് 20 വര്‍ഷക്കാലത്തേക്ക് എസ് - ബാന്‍ഡില്‍ 70 മെഗാഹെര്‍ട്‌സ് സ്പെക്ട്രം സൌജന്യ നിരക്കില്‍ നല്‍കിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ദേവാസ് ഇടപാടില്‍ സര്‍ക്കാരിന് രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കാക്കുന്നത്. ടെലികോം വകുപ്പിന്റെ 2ജി ഇടപാടില്‍ ഉണ്ടായ നഷ്ടത്തെക്കാള്‍ വളരെ വലുതാണിത്.

വെബ്ദുനിയ വായിക്കുക