എയര്‍ ഇന്ത്യ സര്‍വീസ് 90 ശതമാനം നിലച്ചു!

Webdunia
ശനി, 30 ഏപ്രില്‍ 2011 (10:23 IST)
PRO
ജോലിക്ക് തിരികെ കയറാന്‍ വിസമ്മതിച്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നാലാം ദിവസവും സമരം തുടരുന്നു. എണ്ണൂറോളം പൈലറ്റുമാര്‍ സമരരംഗത്ത് എത്തിയതോടെ എയര്‍ ഇന്ത്യ 90 ശതമാനം സര്‍വീസുകളും റദ്ദാക്കി.

എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കിയതോടെ ആഭ്യന്തര സ്വകാര്യ കമ്പനികള്‍ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചു. ഗള്‍ഫ് വിമാന കമ്പനികളാവട്ടെ 300 ശതമാനം വരെ നിരക്ക് വര്‍ദ്ധിപ്പിച്ചത് കേരളത്തില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നുമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയായി.

എയര്‍ ഇന്ത്യ ഇപ്പോള്‍ ഭാഗികമായ ലോക്കൌട്ട് ഭീഷണിയെ നേരിടുകയാണ്. ഇതുവരെ കമ്പനിക്കുള്ള നഷ്ടം 26.5 കോടിയാണ്. സമരക്കാര്‍ക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്ന മാനേജ്‌മെന്റ് ഇതുവരെ ഒമ്പത് പൈലറ്റുമാരെ പുറത്താക്കി, ആറ് പേരെ സസ്പെന്‍ഡ് ചെയ്തു. വെള്ളിയാഴ്ച അഞ്ച് മണിക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പൈലറ്റുമാരെ പുറത്താക്കുമെന്നായിരുന്നു മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

പൈലറ്റുമാര്‍ സമരം അവസാനിപ്പിച്ച് ജോലിക്ക് തിരികെ കയറണമെന്ന് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോടതി ഉത്തരവിനെ സമരക്കാര്‍ അവഗണിക്കുകയായിരുന്നു. കോടതിയലക്‍ഷ്യ കുറ്റത്തിന് പൈലറ്റുമാര്‍ക്കെതിരെ നടപടികള്‍ ഉണ്ടാവുമെന്നാ‍ണ് കരുതുന്നത്. ഉത്തരവ് ലംഘിച്ചാല്‍ ആറ് മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍, സമരത്തില്‍ നിന്ന് പി‌മാറില്ല എന്നും ജയിലില്‍ പോകാന്‍ സന്നദ്ധരാണെന്നുമാണ് പൈലറ്റുമാരുടെ നിലപാട്.

മെച്ചപ്പെട്ട ജീവിത സാഹചര്യം ലഭിക്കാന്‍ ശമ്പള വര്‍ദ്ധന നല്‍കണമെന്നാണ് പൈലറ്റുമാരുടെ ആവശ്യം. എന്നാല്‍, ഇക്കാര്യം സമിതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ സമരം അനാവശ്യമാണെന്നാണ് മാനേജ്മെന്റിന്റെ വാദം.