എനര്‍ജി ഡ്രിങ്കിന് 75 രൂപ അധികം ഈടാക്കിയ കടയുടമയ്ക്ക് 50 ലക്ഷം പിഴ
തിങ്കള്‍, 5 മെയ് 2014 (14:54 IST)
എനര്‍ജി ഡ്രിങ്കിന് 75 രൂപ അധികം ഈടാക്കിയ കടയുടമയ്ക്ക് 50 ലക്ഷം രൂപയുടെ പിഴ. യാത്രക്കാരനില്‍ നിന്നും റെഡ് ബുള്‍ ബോട്ടിലിന് ഇരട്ടിവില ഈടാക്കിയതിന് ചെന്നൈ വിമാനത്താവളത്തിലെ സ്‌നാക്‌സ് ബാറിന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് വന്‍ തുക പിഴ വിധിച്ചത്. ചെന്നൈ വിമാനത്താവളത്തിലെ സപ്തഗിരി റസ്റ്റോറന്റിനാണ് എംആര്‍പിയെക്കാള്‍ അധികം തുക ഈടാക്കിയതിന് 50 ലക്ഷം രൂപ നല്‍കേണ്ട ഗതികേട്. ഡല്‍ഹി സ്വദേശിയായ ഡികെ ചോപ്രയില്‍ നിന്നും 75 രൂപയുടെ ഒരു റെഡ്ബുള്‍ ബോട്ടിലിന് കടയുടമ 150 രൂപ ഈടാക്കുകയായിരുന്നു.
പരാതിക്കാരനായ ചോപ്രയ്ക്ക് 10,000 രൂപ കൊടുക്കാനും ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. പൊതുജനങ്ങളുടെ പണം ചൂഷണം ചെയ്യാന്‍ കടയുടമയ്ക്ക് അധികാരമില്ലെന്നും ഇത്തരത്തില്‍ സ്വരൂപിച്ച പണം പൊതുജനങ്ങളിലേക്ക് തന്നെ തിരിച്ചെത്തണമെന്നും ഫോറം അഭിപ്രായപ്പെട്ടു. പിഴത്തുക കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഉപഭോക്തൃ ക്ഷേമ നിധിയിലേക്ക് കൈമാറും.
2009-ലാണ് ചോപ്ര സപ്തഗിരി റസ്റ്റോറന്റിന്റെ സ്‌നാക്‌സ് ബാറില്‍ നിന്നും റെഡ് ബുള്ളിന്റെ ബോട്ടില്‍ വാങ്ങിയത്. ഇരട്ടി തുക ഈടാക്കിയ കടയുടമയ്‌ക്കെതിരെ ഇദ്ദേഹം വക്കീല്‍ നോട്ടീസയച്ചെങ്കിലും കടയുടമ മറുപടി നല്‍കിയില്ല. തുടര്‍ന്ന് തനിക്കേറ്റ മനോവിഷമത്തിനും അതിക്രമത്തിനും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കണമെന്നാവശ്യപ്പെട്ട് ചോപ്ര ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. 11000 രൂപ കോടതി, യാത്രാ ചെലവുകള്‍ക്കായി ഈടാക്കണമെന്നും പരാതിയില്‍ ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജില്ലാ ഉപഭോക്തൃ ഫോറം ഇത് നിരാകരിക്കുകയായിരുന്നു.
പിന്നീട് ചോപ്ര സംസ്ഥാന ഉപഭോക്തൃ ഫോറത്തെ സമീപിച്ചെങ്കിലും എംആര്‍പി തുക തെളിയിക്കാനായില്ലെന്ന വാദമുന്നയിച്ച് കമ്മീഷന്‍ പരാതി തള്ളി. തുടര്‍ന്നാണ് ഇദ്ദേഹം ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. എന്നാല്‍
വിമാനത്താവളത്തിലെ സ്‌നാക്‌സ് ബാറുകള്‍ക്ക് ഇറക്കുമതി ചെയ്ത എനര്‍ജി ഡ്രിങ്കുകള്‍ക്ക് എംആര്‍പി റേറ്റിന്റെ ഇരട്ടി വാങ്ങാന്‍ അനുമതിയുണ്ടെന്ന് കടയുടമയുടെ അഭിഭാഷകന്‍ വാദിച്ചു. ഇതിന് തെളിവായി ചെന്നൈ എയര്‍പോര്‍ട്ട് വാണിജ്യ വിഭാഗം ഉപ മേധാവിയുടെ കത്തും അദ്ദേഹം ഹാജറാക്കി.
എന്നാല്‍ ഇതിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതിയുണ്ടോയെന്ന സംശയം പ്രകടമാക്കിയ ദേശീയ ഉപഭോക്തൃ ഫോറം അനുമതിയുണ്ടെങ്കില്‍ തന്നെ ഉത്പന്നത്തിന്റെ വില നിശ്ചയിക്കാനുള്ള അധികാരം അതോറിറ്റിക്ക് പോലുമില്ലെന്ന് ചൂണ്ടിക്കാട്ടി.