ഉയിഗൂർ മുസ്ലിം നേതാവിന് അനുവദിച്ച വിസ ഇന്ത്യ റദ്ദാക്കി; നടപടി ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന്

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2016 (12:51 IST)
ചൈനീസ് വിമത നേതാവിന് അനുവദിച്ച വിസ ഇന്ത്യ റദ്ദാക്കി. ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇന്ത്യയുടെ നടപടി. ജര്‍മനി ആസ്ഥാനമായുള്ള ഐഗുര്‍ ആക്ടിവിസ്റ്റ് ഡോല്‍ക്കന്‍ ഇസയ്ക്ക് അനുവദിച്ച വിസയാണ് ഇന്ത്യ റദ്ദാക്കിയത്. ഇസയ്‌ക്കെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.
 
ഷിന്‍ജിയാങ് മേഖലയിലെ തീവ്രവാദ പ്രവര്‍ത്തകനായിട്ടാണ് ഇസയെ ചൈന വിലയിരുത്തുന്നത്. ഈ മേഖലയില്‍ സ്ഥിരമായി ഐഗുര്‍ ജനതയും സൈന്യവുമായി നടക്കുന്ന ഏറ്റുമുട്ടലുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഇസയാണെന്നാണ് ചൈന ആരോപിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സിൻജിയാഗ് പ്രവിശ്യയിൽ സ്വയംഭരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ് ഉയിഗൂർ മുസ്ലിംങ്ങള്‍. ഇന്‍റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച അന്താരാഷ്ട്ര കുറ്റവാളിയാണ് ദുൽകൻ ഈസയെന്നും അതുകൊണ്ടുതന്നെ അയാളെ നിയമത്തിന്ന് മുന്നിൽ കൊണ്ടുവരേണ്ടത് എല്ലാ രാജ്യങ്ങളുടേയും കടമയാണെന്നും കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ വക്താവ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. സിൻജിയാംഗ് പ്രവിശ്യയിൽ ഏകദേശം പത്ത് ദശലക്ഷം ഉയിഗൂർ മുസ്ലിംങ്ങളാണുള്ളത്.
 
ഏപ്രിൽ 28 മുതൽ മെയ് 1 വരെ ധരംശാലയിൽ നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കാനാണ് ഇന്ത്യ ഇസയ്ക്ക് അനുവാദം നൽകിയിരിന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം