പ്രളയം ദുരന്തം വിതച്ച ഉത്തരാഖണ്ഡില്‍ വീണ്ടും മണ്ണിടിച്ചില്‍. മരണസംഖ്യ 1500 കടന്നതായാണ് അനൗദ്യോഗിക കണക്കുകള്‍. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ശ്രീനഗര്‍, രുദ്രപ്രയാഗ് എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. പ്രളയം ദുരന്തം വിതച്ച ഉത്തരാഖണ്ഡില്‍ മഴ വീണ്ടും ശക്തിപ്പെടുകയാണ്. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം.
കേദാര്‍നാഥ്, ബദരീനാഥ്, ഋഷികേശ്, ഡെറാഡൂണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പില്‍ മരുന്നും ഭക്ഷണവും എത്തിക്കുന്നതില്‍ മണ്ണിടിച്ചില്‍ തടസ്സമായി. ഏതാനും ഭാഗങ്ങളില്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിഞ്ഞത്.
ഹര്‍സില്‍, ഗംഗോത്രി മേഖലകളില്‍ നിന്നും 1000 പേരെ സൈന്യം സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചു. 25,000ത്തോളം ആളുകള്‍ ഇപ്പോഴും വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. 80,000 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ചെളി നീക്കം ചെയ്യുന്നതോടെ മരണസംഖ്യ ഉയരാനാണ് സാധ്യത.
പ്രളയത്തില്‍ കുടുങ്ങിയ നൂറോളം മലയാളികള്‍ അടുത്ത ദിവസങ്ങളില്‍ തിരിച്ചെത്തുമെന്നാണ് സൂചന. ഈ മാസം 13ന് ഉത്തരാഖണ്ഡില്‍ എത്തിയ നാല് മലയാളികളെക്കുറിച്ച് ഇതുവരെയും വിവരം ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഛത്തീസ് ഗഡിലെ ബിലായില്‍ സ്ഥിരതാമസമാക്കിയവരാണിവര്‍. ശിവഗിരിയില്‍ നിന്നുള്ള സന്യാസിമാരടക്കം ഇരുപതോളം പേര്‍ ഇപ്പോഴും ബദരീനാഥിനടുത്ത് ബോലഗിരിയിലെ ആശ്രത്തില്‍ കഴിയുകയാണ്.