പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് ഒന്നര രൂപയും, ഡീസലിന് 45 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.
നേരത്തെ എണ്ണ കമ്പനി മേധാവികളുടെ യോഗത്തില്‍ വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. പെട്രോളിയം മന്ത്രാലയവുമായി തുടര്‍ന്നു നടന്ന ചര്‍ച്ചയിലാണ് വില വര്‍ധന നിലവില്‍ വന്നത്.
അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 112 ഡോളറിന് മുകളില്‍ തുടരുന്ന സാഹചര്യത്തിലാണ് പെട്രോള്‍ വില കൂട്ടാന്‍ നിര്ബന്ധിതമാകുന്നതെന്നാണ് കമ്പനികളുടെ വാദം. ഡീസല്‍ വില്പനയില് എണ്ണക്കമ്പനികള്‍ക്കു നേരിടുന്ന നഷ്ടമൊഴിവാകുന്നതുവരെ ലിറ്ററിന് പ്രതിമാസം 50 പൈസ വെച്ച് കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു.
ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവ സബ്സിഡി നിരക്കില്‍ നല്കേണ്ടിവരുന്നതിനാല് തങ്ങള്‍ക്ക് പ്രതിദിനം 450 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുവെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പറയുന്നത്.