പരമ്പരാഗത ശത്രു രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വൈരം തുടര്‍ന്നാല്‍ ഭാവിയില്‍ അത് ഏഷ്യയെ ഒരു ആണവയുദ്ധത്തിലേക്ക് നയിക്കുമെന്ന് യുഎസ് പ്രതിരോധ വകുപ്പിന്റെ ഒരു പഠനത്തില്‍ പറയുന്നതായി വിക്കിലീക്സ് വെളിപ്പെടുത്തുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു ആണവയുദ്ധം 1.2 കോടി ജനങ്ങളുടെ മരണത്തിനു കാരണമാവുമെന്ന് 2008-ല്‍ നടന്ന ഒരു ആണവ നിര്‍വ്യാപന യോഗത്തില്‍ യുഎസ് മുന്നറിയിപ്പ് നല്‍കിയതായും വിക്കിലീക്സ് പുറത്തുവിട്ട രഹസ്യ രേഖകളില്‍ പറയുന്നു.
ദക്ഷിണേഷ്യയിലും മധ്യപൂര്‍വേഷ്യയിലുമുള്ള ആണവായുധ മത്സരം ഒരു ആണവ യുദ്ധത്തിനുള്ള സാധ്യതയായും യുഎസ് ചൂണ്ടിക്കാട്ടുന്നു. സിറിയ, ഇറാന്‍, വടക്കന്‍ കൊറിയ എന്നീ രാജ്യങ്ങള്‍ ദീര്‍ഘ ദൂര മിസൈലുകള്‍ നിര്‍മ്മിക്കുന്നു. രാസായുധങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള രാസപദാര്‍ത്ഥങ്ങള്‍ സിറിയയിലേക്ക് കയറ്റി അയയ്ക്കരുത് എന്ന് യുഎസ് വിദേശകാര്യ സെക്രട്ടറിയായിരുന്ന കോണ്ടലീസ റൈസ് ഇന്ത്യയ്ക്ക് കത്തെഴുതിയിരുന്നു എന്നും വിക്കിലീക്സ് പുറത്തുവിട്ട രേഖകളില്‍ പറയുന്നു.
ഗ്ലാസ്-ലൈന്‍ റിയാക്ടറുകളും പമ്പുകളും ആവശ്യപ്പെട്ട് സിറിയ 2008 ഡിസംബറില്‍ രണ്ട് ഇന്ത്യന്‍ കമ്പനികളെ സമീപിച്ചിരുന്നു. എന്നാല്‍. കോണ്ടലീസ റൈസിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അവ കയറ്റി അയച്ചില്ല. സരിന്‍, VX എന്നിവ ഉപയോഗിച്ചാണ് സിറിയ രാസായുധം നിര്‍മ്മിക്കുന്നത് എന്നും യുഎസ് രേഖകളില്‍ പറയുന്നുണ്ട്. ‘ഡെയ്‌ലി ടെലഗ്രാഫ്’ ആണ് വിക്കിലീക്സ് പുറത്തുവിട്ട രേഖകള്‍ പ്രസിദ്ധീകരിച്ചത്.