ഇന്ത്യയുടെ എണ്‍പതാം പൊതുബജറ്റ് ഇന്ന്

Webdunia
തിങ്കള്‍, 28 ഫെബ്രുവരി 2011 (07:51 IST)
PTI
അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പൊതുബജറ്റ് ധനമന്ത്രി പ്രണാബ് മുഖര്‍ജി ഇന്ന് അവതരിപ്പിക്കും. സ്വതന്ത്ര ഇന്ത്യയിലെ എണ്‍പതാം ബജറ്റാണിത്. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബജറ്റില്‍ ജനങ്ങളില്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കാതിരിക്കാനാവും പ്രണാബ് ശ്രമിക്കുക.

ചെലവു ചുരുക്കല്‍ നടപടികളില്‍ ഊന്നിയുള്ള പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഷിക വായ്പയില്‍ ഇളവ് പ്രതീക്ഷിക്കാം. നെയ്ത്ത്, നിര്‍മ്മാണ മേഖലകള്‍ക്കും ബജറ്റില്‍ ആശ്വാസമുണ്ടായേക്കാം. ആദായ നികുതി പരിധി ഉയര്‍ത്തുന്ന പ്രഖ്യാപനവും ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷ. ചരക്ക് സേവന നികുതി സംബന്ധിച്ച നിര്‍ദ്ദേശങ്ങളും പ്രണാബ് മുന്നോട്ട് വച്ചേക്കും.

വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. വരും വര്‍ഷത്തില്‍ ഒമ്പത് ശതമാനം വളര്‍ച്ച ലക്‍ഷ്യമാക്കിയുള്ള ബജറ്റാവും പ്രണാബ് അവതരിപ്പിക്കുക. അതേസമയം, എല്ലാവരും ഉറ്റുനോക്കുന്ന പെട്രോളിയം വില നിയന്ത്രണം സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഉണ്ടാകാമെന്നാണ് കരുതുന്നത്. ഇതിനായി ഇറക്കുമതി തീരുവയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും.

അതേപോലെ, സാമ്പത്തിക മാന്ദ്യം നേരിടാന്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകള്‍ ഭാഗികമായെങ്കിലും പിന്‍‌വലിക്കാനാണ് സാധ്യത. അടിസ്ഥാനസൌകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി ഈ മേഖലകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് നികുതിയിളവ് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.