ഇന്ത്യയുടെ ആദ്യ പ്രതിരോധഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറോയിലുള്ള ബഹിരാകാശ തുറമുഖത്ത് നിന്നും പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു പ്രതിരോധഉപഗ്രഹം ജിസാറ്റ് ഏഴിന്റെ വിക്ഷേപണം.
വിക്ഷേപണം നടത്തി 34 മിനിറ്റുകള്‍ക്ക് ശേഷം ഭൂമിയുടെ ഏറ്റവും അടുത്ത പോയിന്റായ പെര്‍ഗിയില്‍ ഉപഗ്രഹം എത്തി. ഭൂമിയില്‍ നിന്ന് 249 കിലോ മീറ്റര്‍ ദൂരത്തിലാണ് പെര്‍ഗി. ശത്രു രാജ്യങ്ങളുടെ കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയുടെ സ്ഥാനങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നാവികസേനയ്ക്ക് കൈമാറാന്‍ ജിസാറ്റ് ഏഴിന് കഴിയും.
സമുദ്രതീര സുരക്ഷ ശക്തമാക്കുന്നതിന് നാവികസേനയ്ക്കായി ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹമാണിത്. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന എന്നിവര്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ രാജ്യമാണ് ഇന്ത്യ.
ഉപഗ്രഹത്തിന് മാത്രം 185 കോടി രൂപയാണ് ചിലവായത്. വിക്ഷേപണമടക്കം 470 കോടി രൂപയാണ് ഐഎസ്ആര്‍ഒയ്ക്ക് ഉപഗ്രഹത്തിനായി ചെലവായത്. ഉപഗ്രഹത്തിന് നാല് ബാന്‍ഡുകളില്‍ പേലോഡുകളുണ്ടാകും.
2,625 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ സോളാര്‍ നിര 2,900 വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഗ്രഹണസമയത്ത് 108 ആംപിയര്‍ ലിഥിയം അയോണ്‍ ബാറ്ററിയിലായിരിക്കും ഉപഗ്രഹം പ്രവര്‍ത്തിക്കുക. ജിയോസിംക്രോണസ് ഭ്രമണപഥത്തിലേക്കാണ് ഉപഗ്രഹം വിക്ഷേപിക്കുക.
നിലവില്‍ നാവികസേനയില്‍ സമുദ്രവുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് ഗ്ലോബല്‍ മൊബൈല്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് സര്‍വീസായ ഇന്മാര്‍സാറ്റാണ് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. ഇത് ലൈന്‍ ഓഫ് സൈറ്റ്, അയണമണ്ഡലം എന്നീ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ജിസാറ്റ്-ഏഴിന് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ഐഎസ്ആര്‍ഒ അധികൃതര്‍ പറയുന്നത്.