അടുത്ത തവണ മത്സര രംഗത്ത് ഉണ്ടാവില്ല എന്ന് വിദേശകാര്യ മന്ത്രി പ്രണാബ് മുഖര്‍ജി. വ്യാഴാഴ്ച സ്വന്തം മണ്ഡലമായ ജംഗിപൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുമ്പോഴാണ് ഇനിയും മത്സരിക്കില്ല എന്ന സൂചന നല്‍കിയത്.
നീണ്ടകാലം സര്‍ക്കാരിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. മുപ്പത്തിയെട്ട് വര്‍ഷത്തോളം പാര്‍ലമെന്‍റ് അംഗമായിരുന്നു. ഒരിക്കല്‍ കൂടി നിങ്ങളുടെ മുന്നില്‍ വോട്ട് തേടി വന്നിരിക്കുകയാണ്, പ്രണാബ് പറഞ്ഞു.
തനിക്ക് പ്രായം ഏറി വരികയാണെന്നും അതിനാല്‍ ഇത് എന്‍റെ അവസാന തെരഞ്ഞെടുപ്പ് ആയിരിക്കുമോ എന്ന് അറിയില്ല എന്നും പ്രണാബ് പ്രസംഗത്തില്‍ പറഞ്ഞു.
പ്രസംഗമധ്യേ പാകിസ്ഥാനില്‍ നിന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാനും വിദേശകാര്യ മന്ത്രി മറന്നില്ല. ഭീകരര്‍ക്ക് വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താനുള്ള സൌകര്യങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് തന്നെയാണ് ലഭിക്കുന്നത് എന്ന് പ്രണാബ് കുറ്റപ്പെടുത്തി.