ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കെജ്‌രിവാള്‍ സര്‍ക്കാര്‍ സ്ഥലം മാറ്റി

Webdunia
ചൊവ്വ, 9 ജൂണ്‍ 2015 (17:47 IST)
ഡല്‍ഹി ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ധരംപാലിനെ കെജ്‌രിവാള്‍ സര്‍ക്കാര്‍ സ്ഥലം മാറ്റി. ഡല്‍ഹിയില്‍ ആം ആദ്‌മി സര്‍ക്കാരും ലഫ്‌റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഏറ്റവും ഒടുവിലത്തേതാണ് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ പുതിയ നടപടി. 
 
ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ലഫ്‌റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംങ്ങിന്റെ അംഗീകാരത്തിനായി അയച്ചു കൊടുത്തിരിക്കുകയാണ്. സര്‍ക്കാരിന്റെ സ്ഥലം മാറ്റ ഉത്തരവിന് ഗവര്‍ണര്‍ അംഗീകാരം നല്കുമോ എന്നാണ് ഇനി അറിയേണ്ടത്.
 
ഡല്‍ഹി അഴിമതി വിരുദ്ധ ബ്യൂറോയുടെ മേധാവിയായി ഡല്‍ഹി പൊലീസ് ജോയിന്‍റ് കമ്മീഷണറായ എം കെ മീണ ചുമതലയേറ്റതിന് പിന്നാലെയാണ് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ പുതിയ നടപടി. മീണയുടെ നിയമനം കോടതിയലക്ഷ്യമാണെന്നായിരുന്നു ഡല്‍ഹി സര്‍ക്കാര്‍ പ്രതികരിച്ചത്.
 
അഴിമതി വിരുദ്ധ സേന ഡല്‍ഹി സര്‍ക്കാരിന്റെ ചുമതലയിലാണ് വരുന്നതെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ വാദം. എന്നാല്‍, അഴിമതിവിരുദ്ധ സേന ലഫ്റ്റനന്റ് ഗവര്‍ണറുടെ ചുമതലയിലായിരിക്കും എന്ന് വ്യക്തമാക്കുന്ന സര്‍ക്കുലര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തേ പുറത്തിറക്കിയിരുന്നു.