ആന്‍ഡമാനില്‍ യാത്രാബോട്ട് മുങ്ങി 21 മരണം

Webdunia
തിങ്കള്‍, 27 ജനുവരി 2014 (09:59 IST)
PRO
ആന്‍ഡമാനില്‍ യാത്രാബോട്ട് മുങ്ങി 21 പേര്‍ മരിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. പോര്‍ട്ട് ബ്ലെയറിനും നോര്‍ത്ത് ബെയ്ക്കും ഇടയിലാണ് അപകടമുണ്ടായത്.

സഞ്ചാരികളുമായി പോകുകയായിരുന്ന ടൂറിസ്റ്റ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഏകദേശം 50 പേര്‍ ബോട്ടിലുണ്ടായിരുന്നു. മരിച്ചവരില്‍ ഏറെയും തമിഴ്‌നാട്, ഉത്തരേന്ത്യന്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാമെന്നാണ് സൂചന.

നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു. നേവിയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചു.

ബോട്ട് അപകടത്തില്‍പെടാന്‍ ഇടയായ സാഹചര്യം വ്യക്തമല്ല. എന്നാല്‍ ഉള്‍ക്കൊള്ളാവുന്നതില്‍ കൂടുതല്‍ ആളുകള്‍ ബോട്ടില്‍ ഉണ്ടായിരുന്നതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു. ലൈഫ് ജാക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്ന ബോട്ട് അധികൃതര്‍ സുരക്ഷയുടെ കാര്യത്തില്‍ ഭയം വേണ്ടെന്ന് മറുപടി നല്‍കിയതായി യാത്രക്കാര്‍ പറഞ്ഞു.

21 പേരുടെ മരണം ആന്‍ഡമാന്‍ ദ്വീപിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് കോസ്റ്റ് ഗാര്‍ഡ് വിഎസ്ആര്‍ മൂര്‍ത്തി സ്ഥിരീകരിച്ചു. 27 പേരെ രക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. മലയാളികളും വിദേശസഞ്ചാരികളും ബോട്ടില്‍ ഇല്ലായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.