ആക്രമണത്തിനിരയായ കായികതാരത്തിന് ജോലി

വെള്ളി, 15 ഏപ്രില്‍ 2011 (09:07 IST)
PRO
ട്രെയിനില്‍ നിന്ന് കവര്‍ച്ചക്കാര്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് ഇടത് കാല് നഷ്ടപ്പെട്ട വനിതാ കായിക താരത്തിന് റയില്‍‌വെ ജോലി നല്‍കും. കായികതാരത്തിന്റെ ആശുപത്രിച്ചെലവ് വഹിക്കാമെന്ന് മാത്രമായിരുന്നു റയില്‍‌വെ ആദ്യം നല്‍കിയ വാഗ്ദാനം. എന്നാല്‍, വിവിധ കോണുകളില്‍ നിന്നുള്ള വിമര്‍ശനം ശക്തമായതിനെ തുടര്‍ന്ന് രണ്ട് ലക്ഷം രൂപ ധനസഹായവും റയില്‍‌വെയില്‍ ജോലിയും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു.

ദേശീയ വോളിബോള്‍ താരമായ സോനു സിംഗ് എന്ന ഇരുപത്തിമൂന്നുകാരിക്ക് ചൊവ്വാഴ്ച വെളുപ്പിനാണ് തന്റെ സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞ ദുര്യോഗം നേരിടേണ്ടി വന്നത്. ഡല്‍ഹിയില്‍ സിഐ‌എസ്‌എഫ് റിക്രൂട്ട്‌മെന്റിനു പങ്കെടുക്കാനായി പദ്മാവതി എക്സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യുകയായിരുന്നു സോനു. കമ്പാര്‍ട്ട്‌മെന്റിലേക്ക് വന്ന മൂന്നംഗം സംഘം സോനുവിന്റെ സ്വര്‍ണ്ണമാലയില്‍ കടന്ന് പിടിക്കുകയും എതിര്‍ത്തപ്പോള്‍ അവരെ ഓടുന്ന വണ്ടിയില്‍ നിന്ന് ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു.

അപകടത്തില്‍ സോനുവിന്റെ തലയ്ക്കും കാലിനുമാണ് ഗുരുതരമായി പരുക്കേറ്റത്. സോനുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും ഇടതുകാല്‍പ്പാദം മുറിച്ചു മാറ്റേണ്ടി വന്നു. സോനുവിന് അടിയന്തിര സഹായമായി കായിക മന്ത്രി അജയ്മാക്കന്‍ 25,000 രൂപ അനുവദിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക