ആം ആദ്‌മി പാര്‍ട്ടി വിമതര്‍ ഹരിയാനയില്‍ ഒന്നിക്കുന്നു

Webdunia
ചൊവ്വ, 14 ഏപ്രില്‍ 2015 (12:13 IST)
ആം ആദ്‌മി പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്നവരും പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന്റെ നയങ്ങളില്‍ അതൃപ്‌തിയുള്ളവരും ഹരിയാനയില്‍ ഒന്നിക്കുന്നു. ആം ആദ്‌മി പാര്‍ട്ടിയുടെ ഉന്നതാധികാരസമിതി യോഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട യോഗേന്ദ്ര യാദവിന്റെയും പ്രശാന്ത് ഭൂഷണിന്റെയും നേതൃത്വത്തില്‍ ആണ് ഹരിയാനയിലെ ഗുഡ്‌ഗാവില്‍ വിമതന്മാര്‍ യോഗം ചേരുന്നത്. 
 
സ്വരാജ് സംവാദ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും അനുകൂലിക്കുന്ന 1000ലേറെ പ്രവര്‍ത്തകര്‍ ആണ് ഹരിയാനയില്‍ ഒത്തുചേര്‍ന്നിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച പരിസ്ഥിതി പ്രവര്‍ത്തക മേധ പട്‌കര്‍, കൂടുംകുളം സമരനായകന്‍ ഉദയകുമാര്‍ എന്നിവരും നൂറോളം ആക്‌ടിവിസ്റ്റുകളും പങ്കെടുക്കുന്നുണ്ട്.
 
പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്നവര്‍ ഭാവി പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നതെന്ന് യോഗേന്ദ്ര യാദവ് വ്യക്തമാക്കി. അതേസമയം, യോഗത്തില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് ആം ആദ്‌മി പാര്‍ട്ടി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ആം ആദ്‌മി പാര്‍ട്ടി അംഗങ്ങള്‍ ആം ആദ്‌മി പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് നടത്തുന്ന പരിപാടിയെന്ന പ്രത്യേകതയും ഇതിനുണ്ട്.
ആം ആദ്‌മി പാര്‍ട്ടി രൂപീകരിച്ചിട്ട് മൂന്നു വര്‍ഷങ്ങള്‍ പിന്നിടവേ ആദ്യമായാണ് ഇത്തരമൊരു വിമതയോഗം നടക്കുന്നത്.