ആം ആദ്മി ഒരു കുമിളയാണെന്ന് ലാലുപ്രസാദ് യാദവ്

Webdunia
ബുധന്‍, 18 ഡിസം‌ബര്‍ 2013 (12:17 IST)
PTI
PTI
പൊടുന്നനെ പൊട്ടി പോകുന്ന ഒരു കുമിളയാണ് ആം ആദ്മി പാര്‍ട്ടിയെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. റാഞ്ചിയിലെ സംസ്ഥാന ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊപ്പി വെച്ച് നടക്കുന്ന കുറച്ച് കുട്ടികളുടെ പാര്‍ട്ടിയാണ് എഎപി. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഘടകക്ഷിയായി നിലകൊള്ളും. സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്ന ലോക്പാല്‍ ബില്ലിനെ ആര്‍ജെഡി പിന്തുണയ്ക്കുന്നു. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയ്ക്ക് ലാലു പിന്തുണ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് രാഹുല്‍ യോഗ്യനാണെന്നും ലാലു പ്രസാദ് പറഞ്ഞു.

തന്നെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കിയിരിക്കുന്നതിനാല്‍ തനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് വര്‍ഗീയ കക്ഷികള്‍ കരുതുന്നത്. പക്ഷെ തനിക്ക് എല്ലാ ഗ്രാമങ്ങളും പാര്‍ലമെന്റാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടായി ലാലു പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു കാലിതീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ജാമ്യത്തില്‍ പുറത്ത് വന്നത്.