ആംആദ്മിയുടെ പുതുവര്‍ഷ സമ്മാനമായി ഡല്‍ഹിയില്‍ വൈദ്യുതി ചാര്‍ജിലും ഇളവ്. 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 50 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും. ഓരോ കുടുംബത്തിനും 700 ലിറ്റര്‍ കുടിവെള്ളം സൗജന്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വൈദ്യുത ചാര്‍ജ് പകുതിയാക്കി കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്.
28 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഇളവിന്റെ പ്രയോജനം ലഭിക്കും. 61 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതിലൂടെ സര്‍ക്കാരിനുണ്ടാകുക. പുതിയ ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവ് താത്കാലികമാണ്. മന്ത്രിസഭ യോഗത്തിന് ശേഷമാണ് തീരുമാനം. സ്വകാര്യ വൈദ്യുതി വിതരണ കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്തുന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകും.
യൂണിറ്റിന് മൂന്ന് രൂപ 90 പൈസയാണ് ഡല്‍ഹിയിലെ നിലവിലെ വൈദ്യുതി നിരക്ക്. വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിന് മുന്നോടിയായി സ്വകാര്യ വൈദ്യുത വിതരണ കമ്പനികളെ സിഎജി ഓഡിറ്റിംഗിന് വിധേയമാക്കാനുള്ള നടപടികള്‍ കെജ്‌രിവാള്‍ തുടങ്ങി. മൂന്ന് കമ്പനികള്‍ക്കെതിരെ ഓഡിറ്റിംഗ് നടത്തുന്നതിന് തടസമില്ലെന്ന് സിഎജി മുഖ്യമന്ത്രിയെ അറിയിച്ചു. പനിയായതിനാല്‍ വിശ്രമം വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അവഗണിച്ചാണ് അരവിന്ദ് കെജ്‌രിവാള്‍ സിഎജി ശശികാന്ത് ശര്‍മ്മയുമായി കൂടിക്കാഴ്ച നടത്തിയത്. ഓഡിറ്റിംഗ് നടത്താതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
സ്വകാര്യ വൈദ്യുത വിതരണ കമ്പനികള്‍ 30,000 കോടി രൂപ ലാഭമുണ്ടാക്കുന്നതായി നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 5,000 കോടി രൂപയ്ക്കാണ് സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി കമ്പനികള്‍ വാങ്ങുന്നത്. എന്നാല്‍ രണ്ടരക്കോടി രൂപയുടെ വൈദ്യുതി മാത്രമേ സംസ്ഥാനത്തിന് ആവശ്യമുള്ളു. ബാക്കി വൈദ്യുതി എന്ത് ചെയ്യുകയാണെന്ന് അന്വേഷിക്കണമെന്ന് നേരത്തെ തന്നെ ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. അതേസമയം പാര്‍ട്ടി എംഎല്‍എ മനേന്ദ്രസിംഗ് ദിറിനെ നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു. വെള്ളിയാഴ്ചയാണ് സ്പീക്കറെ തെരഞ്ഞെടുക്കുക. നിയമസഭയുടെ ആദ്യസമ്മേളനം ബുധനാഴ്ച ആരംഭിക്കും.