അര്‍ധരാത്രിയോടടുപ്പിച്ച് വീണ്ടുമൊരു വിജയം; ഇന്ത്യയുടെ ആദ്യഗതിനിര്‍ണയ ഉപഗ്രഹം വിക്ഷേപിച്ചു

Webdunia
ചൊവ്വ, 2 ജൂലൈ 2013 (13:02 IST)
PRO
ബഹിരാകാശരംഗത്തെ വന്‍ ശക്തികളുടെ പട്ടികയില്‍ ഇന്ത്യയും. രാജ്യത്തെ ആദ്യ ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ്1-എ വിജയകരമായി വിക്ഷേപിച്ചു. തിങ്കളാഴ്ച രാത്രി 11.41-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് ഉയര്‍ന്നത്

പിഎസ്എല്‍വസി-22 റോക്കറ്റാണ് ഐആര്‍എന്‍എസ്എസ് 1-എ യെ നിശ്ചിത സമയപരിധിക്കുള്ളില്‍ത്തന്നെ ഭ്രമണപഥത്തിലെത്തിച്ചത്. രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനും ഐഎസ്ആര്‍ഒ. ചെയര്‍മാന്‍ ഡോ കെ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ശാസ്ത്രജ്ഞന്മാരും എന്‍ജിനീയര്‍മാരുമടക്കമുള്ള സംഘവും ശ്രീഹരിക്കോട്ടയില്‍ ഈ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചു.


ഉപഗ്രഹവിക്ഷേപണ രംഗത്ത് രാജ്യത്തിന്റെ പുതുയുഗപ്പിറവിയാണ് ഈ വിജയമെന്ന് ഐഎസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ പറഞ്ഞു. വ്യോമ,നാവിക,കര ഗതാഗതം, ദുരന്തനിവാരണം,മൊബൈല്‍ ഫോണ്‍ വഴിയുള്ള വിവരവിനിമയം തുടങ്ങിയ മേഖലകളില്‍ ഏറെ സഹായകമാകുന്ന ആദ്യ ഇന്ത്യന്‍ ഉപഗ്രഹമാണ് ഐ ആര്‍ എന്‍ എസ് എസ് 1 എ. യുദ്ധം പോലെയുള്ള അടിയന്തിരഘട്ടങ്ങളില്‍ സൈന്യത്തിന്റേയും ജനങ്ങളുടെയും ആവശ്യങ്ങള്‍ക്ക് ആ ഉപഗ്രഹം ഉപയോഗപ്പെടുത്താനാവും.

ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം വിഭാഗത്തിലെ ഏഴ് ഉപഗ്രഹങ്ങളില്‍ ആദ്യത്തേതാണ് ഇന്നലെ വിക്ഷേപിച്ചത്. 2015 ഓടെ മുഴുവന്‍ ഉപഗ്രഹങ്ങളുടെയും വിക്ഷേപണം പൂര്‍ത്തിയാക്കുമെന്നണ് ഐ എസ് ആര്‍ ഒ അറിയിച്ചിരിക്കുന്നത്.

ഐ എസ് ആര്‍ ഒ രാത്രി വൈകി നടത്തുന്ന ആദ്യത്തെ ഉപഗ്രഹവിക്ഷണം എന്ന സവിശേഷതയും ഇത്തവണയുണ്ടായിരുന്നു. നിലവില്‍ ഇത്തരം സാങ്കേതി വിദ്യ സ്വന്തമായുള്ളത് അമേരിക്ക,റഷ്യ,ജപ്പാന്‍,ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ്.




.