അഭിപ്രായ സ്വാതന്ത്ര്യമെന്നത് മിണ്ടാതിരിക്കാനുള്ള അവകാശം കൂടിയാണെന്ന് കിങ്ങ് ഖാന്‍

Webdunia
ചൊവ്വ, 1 മാര്‍ച്ച് 2016 (18:30 IST)
അഭിപ്രായ സ്വാതന്ത്യമെന്നാൽ ഒരു വ്യക്തിക്ക് മിണ്ടാതിരിക്കുവാനുള്ള അവകാശം കൂടിയാണെന്ന് ‘കിങ്ങ് ഖാന്‍’‍. മുംബൈയിൽ തന്റെ പുതിയ ചിത്രമായ 'ഫാൻ' ട്രെയിലർ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അഭിപ്രായ സ്വാതന്ത്യത്തെക്കുറിച്ച് താരം പ്രതികരിച്ചത്.
 
അസ‌ഹിഷ്ണുതയുമായി ബന്ധപ്പെട്ട് മുൻപ് ഷാറൂഖ് നടത്തിയ പ്രസ്താവന രാഷ്ടീയ വിവാദങ്ങള്‍ക്ക് തിരികോളുത്തിയിരുന്നു. അതിനു ശേഷം പുറത്തിറങ്ങിയ ഷാരൂഖ് ചിത്രമായ ‘ദില്‍വാലേയ്ക്ക്’ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെന്ന് ഷാരൂഖ് തന്നെ സമ്മതിച്ചിരുന്നു. ഇതിനു ശേഷം വിവാദപരാമര്‍ശനങ്ങളില്‍ നിന്ന് ഷാരൂഖ് സ്വയം വിട്ടു നിന്നിരുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങ‌ളോട് പ്രതികരിക്കവെയാണ് അഭിപ്രായ സ്വാതന്ത്ര്യമെന്നാൽ മിണ്ടാതിരിക്കാനുള്ള അവകാശം കൂടിയാണെന്നും അതിനാൽ ഇക്കാര്യത്തെക്കുറിച്ച് താൻ ഒന്നും സംസാരിക്കുകയില്ലെന്നും ഷാരൂഖ് വ്യക്തമാക്കിയത്.
 
കഴിഞ്ഞ നവംബർ രണ്ടിന് അമ്പതാം പിറന്നാൾ ദിനത്തിലാണ് ഷരൂഖ് വിവാദത്തിൽ കുടങ്ങിയത്. രാജ്യത്ത് ‘അങ്ങേയറ്റത്തെ അസ‌ഹിഷ്ണുത’ ഉണ്ടെന്ന ഷാറൂഖിന്റെ പ്രസ്താവനയെ വിമർശിച്ച് സംഘപരിവാര്‍ സംഘടകള്‍ രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലും ഷാരൂഖിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാൽ തന്റെ പരാമാർശത്തെ മാധ്യമങ്ങ‌ൾ ദുർവ്യാഖ്യാനം ചെയ്തു എന്നറിയിച്ച് കൊണ്ട് ഷാറൂഖ് പ്രസ്താവന തിരുത്തുകയായിരുന്നു.