അഫ്സല്‍ ഗുരുവിനെ വധശിക്ഷ യുപി‌എ സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുമോ?

Webdunia
ശനി, 9 ഫെബ്രുവരി 2013 (17:16 IST)
PRO
PRO
അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വാഗതം ചെയ്യുകയാണ്. രാജ്യം കേള്‍ക്കാന്‍ കാത്തിരുന്ന വാര്‍ത്തയാണ് ഇതെന്നാണ് ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രതികരിച്ചിരിക്കുന്നത്.

മുംബൈ ഭീകരാക്രമണക്കേസില്‍ പാക് ഭീകരന്‍ അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിന് തൊട്ടുപിന്നാലെയാണ് അഫ്സല്‍ ഗുരുവിന്റെ ശിക്ഷയും നടപ്പാക്കിയിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 21നായിരുന്നു കസബിനെ തൂക്കിലേറ്റിയത്. 2001ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണത്തില്‍ ശിക്ഷിക്കപ്പെട്ട അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയും ഉടന്‍ നടപ്പാക്കണം എന്ന മുറവിളി ഇതോടെ ശക്തമായിരുന്നു.

രാജ്യത്ത് അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ രണ്ട് ശിക്ഷാവിധികളും അതീവരഹസ്യമായി നടപ്പാക്കിയിരിക്കുന്നത്. പുതിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളിയത്. പുതിയ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിക്ഷ നടപ്പാക്കുകയും ചെയ്തു. സര്‍ക്കാരിന്റെ പ്രതിഛായ നാള്‍ക്കുനാള്‍ മോശപ്പെട്ടുവരുന്നതിനിടെയാണ് ഇതെന്ന് ഓര്‍ക്കണം. നഷ്ടപ്പെടുന്ന ഇമേജ് തിരിച്ചുപിടിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നുകഴിഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തികരംഗം കടുത്ത പ്രതിന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രണ്ടാം മന്‍‌മോഹന്‍ സിംഗ് സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങള്‍ എല്ലാം കടുത്ത എതിര്‍പ്പുകള്‍ ആണ് ക്ഷണിച്ചുവരുത്തുന്നത്. ഇന്ധന വില വര്‍ധന, റെയില്‍ യാത്രാ നിരക്ക്, അഴിമതി, സ്ത്രീ സുരക്ഷ തുടങ്ങി ഒട്ടനവധി പ്രശ്നങ്ങള്‍ കത്തിനില്‍ക്കുമ്പോഴാണ് ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിച്ച് സര്‍ക്കാര്‍ അഫ്സല്‍ ഗുരുവിന്റെ കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നത്.

ബിജെപിയും ആര്‍എസ്എസും ഹിന്ദുഭീകരവാദം പരിശീലിപ്പിക്കുന്ന ക്യാമ്പുകള്‍ നടത്തുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ പ്രസ്താവന കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ബജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ ഷിന്‍ഡെയെ ബഹിഷ്കരിക്കുന്നത് ഉള്‍പ്പെടെയുള്ള തന്ത്രങ്ങളിലേക്ക് കടക്കാനിരിക്കുകയായിരുന്നു ബി ജെപി. മാത്രമല്ല അയോദ്ധ്യാ ക്ഷേത്ര നിര്‍മ്മാണം ഉള്‍പ്പെടെ കടുത്ത ഹിന്ദുത്വ വികാരം ഉയര്‍ത്തിയാകും ബിജെപി,​ ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുക എന്ന തോന്നലുകളും ഉരുത്തിരിഞ്ഞുവരുന്നുണ്ട്.

കസബിന്റെയും അഫ്സല്‍ ഗുരുവിന്റെയും വധശിക്ഷ സര്‍ക്കാരിനു ഗുണം ചെയ്യുമോ അതോ പരാജയപ്പെട്ട സര്‍ക്കാരിന്റെ അവസാനശ്രമങ്ങളാണ് ഇതെന്ന് ജനം വിലയിരുത്തുമോ എന്ന് കണ്ടറിയണം.