മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടിലൊന്നായ പ്രിയദർശൻ - മോഹൻലാൻ ടീം ഒന്നിക്കുന്ന 'ഒപ്പ'ത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും പ്രിയദർശൻ തന്നെ. ഗീതാഞ്ജലിയാണ് ഇരുവരും ഒരുമിച്ച അവസാന ചിത്രം.
മലയാളത്തിന് നിരവധി ഹിറ്റുകൾ സമ്മാനിച്ച പ്രിയദർശൻ ഇത്തവണ ക്രൈം ത്രില്ലറുമായാണ് എത്തുന്നത്. ഒരു കൊലപാതകത്തിന്റെ ഏക തുമ്പാണ് മോഹൻലാൽ അവതരിപ്പിക്കുന്ന അന്ധനായ നായക കഥാപാത്രം. കൊലയാളിയായി മുദ്ര കുത്തപ്പെടുന്ന നായകൻ യഥാർത്ഥ കൊലയാളിയെ തേടുപോകുന്നതാണ് കഥയുടെ ഇതിവൃത്തം.
ചിത്രത്തിലെ പ്രധാന വില്ലനായി എത്തുന്നത് തമിഴ് നടൻ സമുദ്രക്കനിയാണ്. ശിക്കാറിനു ശേഷം സമുദ്രക്കനിയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി 'ഒപ്പ'ത്തിനുണ്ട്. വിമലാ രാമനും അനുശ്രീയുമാണ് നായികാമാർ