അദ്വാനിയോട് ജനതാദളിന് അകല്‍ച്ച

Webdunia
ബുധന്‍, 18 ഫെബ്രുവരി 2009 (16:39 IST)
PTI
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി നേതാവായ എല്‍ കെ അദ്വാനിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടിയുള്ള പ്രചരണം വേണ്ടെന്ന് എന്‍ ഡി എ യുടെ പ്രമുഖ ഘടകക്ഷിയായ ജനതാദള്‍(യുണൈറ്റഡ്)തീരുമാനിച്ചു. ബീഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ട്‌ തേടാനാണ് ജെ ഡി (യു) തീരുമാനം.

അദ്വാനിയെ പ്രധാ‍നമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് മുസ്ലിം വോട്ടര്‍മാരുടെ അപ്രീതി ക്ഷണിച്ചുവരുത്തുമെന്നതാണ് ജെ ഡി(യു)വിന്‍റെ ഭയം. ബീഹാര്‍ മോഡല്‍ കേന്ദ്രത്തിനു പോലും അനുകരിക്കാവുന്നതാണെന്ന് ജെ ഡി(യു) എം പിയും പാര്‍ട്ടി വക്താവുമായ ശിവാനന്ദ് തിവാരി പറഞ്ഞു.

ആര്‍ ജെ ഡി മുസ്ലിം സമുദായത്തെ വോട്ട് ബാങ്ക് മാത്രമായാണ് കാണുന്നതെന്നും നിതീഷ് കുമാര്‍ സര്‍ക്കാരാണ് മുസ്ലിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്തെന്നും ശിവാനന്ദ് തിവാരി കൂട്ടിച്ചേര്‍ത്തു.