ഇന്ത്യയ്ക്ക് നേരെ ഇനിയൊരു 26/11 മോഡല്‍ ആക്രമണമുണ്ടായാല്‍ അത് ഇന്ത്യയുടെ ക്ഷമ നശിപ്പിക്കുമെന്നും പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ കലാശിക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ്. ചെറിയൊരു പ്രകോപനം പോലും മേഖലയിലെ സമാധാനം തകര്‍ത്തേക്കുമെന്നത് ഉത്കണ്ഠയുളവാക്കുന്നു എന്നും ഗേറ്റ്സ് പറഞ്ഞു.
ലഷ്കര്‍ പോലെയുള്ള ഭീകര സംഘടകള്‍ അല്‍-ക്വൊയ്ദയുമായി ചേര്‍ന്ന് ഇന്ത്യക്കെതിരെ മുംബൈ മോഡല്‍ ആക്രമണത്തിനു തയ്യാറെടുക്കുകയാണ്. ഇന്ത്യയ്ക്ക് നേരെയുള്ള ചെറിയൊരു പ്രകോപനം പോലും യുദ്ധസമാനമായ സാഹചര്യത്തിന് വഴിയൊരുക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ബുധനാഴ്ച മുന്നറിയിപ്പ് നല്‍കി.
ദക്ഷിണേഷ്യയില്‍ ഭീകരതയുയര്‍ത്തുന്ന ഗൌരവതരമായ ഭീഷണിയെ കുറിച്ച് ഗേറ്റ്സ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പ്രതിരോധമന്ത്രി എകെ ആന്റണി എന്നിവരുമായി ചര്‍ച്ച നടത്തി. അല്‍-കൊയ്ദയുടെ കീഴില്‍, ലഷ്കര്‍, താലിബാന്‍, തെഹ്‌റീക്ക്-ഇ-താലിബാന്‍ എന്നീ ഭീകര സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണി മറികടക്കാന്‍ എല്ലാ രാജ്യങ്ങളുടെയും കൂട്ടായ ശ്രമം വേണമെന്ന് ഗേറ്റ്സ് ആവശ്യപ്പെട്ടു.
പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലാണ് ഭീകര സംഘടനകളുടെ സുരക്ഷിത കേന്ദ്രം. ഈ സംഘടനകള്‍ മേഖലയിലാകമാനം ഭീഷണിയുയര്‍ത്തുന്നതായി തിരിച്ചറിയണമെന്നും ഗേറ്റ്സ് പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ താലിബാനൊപ്പമാണ് അല്‍-ക്വൊയ്ദ പ്രവര്‍ത്തിക്കുന്നത്. അതേസമയം, പാകിസ്ഥാന്‍ കേന്ദ്രീകരിച്ചാണ് തെഹ്‌റീക്ക്-ഇ-താലിബാന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗേറ്റ്സ് ചൂണ്ടിക്കാട്ടി. പാകിസ്ഥാന്‍ സന്ദര്‍ശനത്തിനു മുന്നോടിയായാണ് ഗേറ്റ്സിന്റെ ഇന്ത്യന്‍ സന്ദര്‍ശനം.