അഖിലേഷിനെ പുകഴ്ത്തി ചിദംബരം

Webdunia
വെള്ളി, 29 മാര്‍ച്ച് 2013 (19:09 IST)
PRO
PRO
യുപിഎ സര്‍ക്കാറിനുള്ള പിന്തുണ സമാജ് വാദി പാര്‍ട്ടി പിന്‍വലിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ ധനമന്ത്രി പി ചിദംബരം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മുലായംസിംഗ് യാദവിന്റെ മകനുമായ അഖിലേഷ് യാദവുമായി വേദി പങ്കിട്ടു. ഉത്തര്‍പ്രദേശിനെ അറിയുന്ന മുഖ്യമന്ത്രിയാണ് അഖിലേഷ് യാദവെന്ന് പുകഴ്ത്തിയ ധനമന്ത്രി, ഉത്തര്‍പ്രദേശിന്റെ വികസന പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ അകമഴിഞ്ഞ പിന്തുണയുണ്ടാകുമെന്നും വ്യക്തമാക്കി.

ലഖ്നോവില്‍ 300 ബാങ്ക് ബ്രാഞ്ചുകള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലായിരുന്നു അഖിലേഷും ചിദംബരവും ഒന്നിച്ചത്.

നവംബറില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് വ്യാഴാഴ്ച ലഖ്നോവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞിരുന്നു. ഇതോടെയാണ് യുപിഎ സര്‍ക്കാറില്‍ നിന്ന് ഡിഎംകെ പുറത്തു പോന്നതിനു പിന്നാലെയാണ് സമാജ്വാദി പാര്‍ട്ടിയും പുറത്തേക്കെന്ന് അഭ്യൂഹം ഉയര്‍ന്നത്.

യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവും മുലായം സിംഗ് നടത്തിയിരുന്നു. കോണ്‍ഗ്രസ് ജനങ്ങളെ പറഞ്ഞു പറ്റിക്കാന്‍ മിടുക്കരാണ്. തെരഞ്ഞെടുപ്പ് വേളയില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് വോട്ടുനേടും. പിന്നീട് ജനങ്ങളുടെ കാര്യങ്ങളില്‍ താല്‍പര്യം കണിക്കില്ല. കോണ്‍ഗ്രസിന്റെ കപടതന്ത്രങ്ങളില്‍ പെട്ടുപോകാതിരിക്കാന്‍ ജാഗ്രത പാലിക്കണം -എന്ന് മുലായം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നു.