അക്രമം: ആം ആദ്മി നേതാക്കള്‍ക്കെതിരെ കേസ്‌

Webdunia
വ്യാഴം, 6 മാര്‍ച്ച് 2014 (14:15 IST)
PTI
PTI
ബിജെപി ആസ്ഥാനത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. അശുതോഷ്, ഷസിയ ഇല്‍മി എന്നീ നേതാക്കള്‍ക്കെതിരെയാണ് കേസ്. 15 ഓളം ആം ആദ്മി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. അതേസമയം ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുമില്ല.

ഗുജറാത്ത് സന്ദര്‍ശനത്തിനിടെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ബിജെപി ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ആണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ 25 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.