പുതിയ സംഗീതസംവിധായകരില്‍ ചിലര്‍ക്ക് കവിത കാണുമ്പോള്‍ തലകറക്കമാണെന്ന് കവിയും ഗാനരചയിതാവുമായ ഒ എന്‍ വി കുറുപ്പ്. കീബോര്‍ഡ് കൊണ്ടാണ് ഇത്തരം സംഗീത സംവിധായകര്‍ കവിതയെഴുതുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിനിമാപാട്ടെന്നാല്‍ കവിതയാണോ എന്ന് ചോദിച്ച ചിലരുണ്ടെന്നും ഒ എന്‍ വി പറഞ്ഞു.
ദേവരാജന്റെ കൂടെ ഒരേ ദിവസമാണ് സിനിമയില്‍ എത്തിയത്. ആദ്യഗാനം റെക്കോര്‍ഡുചെയ്തതും ഒന്നിച്ചാണ്. മികച്ച ഗാനങ്ങളുടെ കൂടെ എന്നും നിന്ന വ്യക്തിയാണ് ദേവരാജനെന്നും ഒ എന്‍ വി പറഞ്ഞു. ജി ദേവരാജന്‍ ശക്തിഗാഥ പുരസ്കാരം എം കെ അര്‍ജുനന് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തിഗാഥ പ്രസിഡന്റ് പെരുമ്പുഴ ഗോപാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായി. അഡിഷ്ണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ പ്രശസ്തിപത്രം സമര്‍പ്പിച്ചു. പത്മശ്രീ ലഭിച്ച ഡോ ജെ ഹരീന്ദ്രന്‍നായരെ സി വി പത്മരാജന്‍ ആദരിച്ചു. "ദേവരാഗാങ്കണം" സ്മരണിക പൂവച്ചല്‍ഖാദര്‍ പ്രകാശനംചെയ്തു.