മോഡിയെ പിന്തുണച്ചും ബിജെപിയെ മുറിവേല്‍പ്പിക്കാനൊരുങ്ങിയും രാജ് താക്കറെ

Webdunia
തിങ്കള്‍, 10 മാര്‍ച്ച് 2014 (14:57 IST)
PRO
ശിവസേനയെയും സക്ഷ്യകക്ഷിയായ ബിജെപിയെയും വെട്ടിലാക്കി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ ലോക്സഭാ തെരഞ്ഞെടുപ്പ് നിലപാട് പ്രഖ്യാപിച്ചു.

മുംബൈ മണ്ഡലങ്ങളിലടക്കം എട്ട് സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കിയ രാജ് താക്കറെ പക്ഷേ പ്രധാനമന്ത്രി പദത്തില്‍ ബിജെപിയുടെ നരേന്ദ്ര മോഡിയെ പിന്തുണയ്ക്കുമെന്നും പ്രഖ്യാപിച്ചു.

എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയെ എതിര്‍ക്കുകയും ബിജെപിയെ സഹായിക്കുകയുമെന്ന ഇരട്ട നിലപാടാണ് രാജിന്‍േറത്. എന്നാല്‍ എംഎന്‍എസ് ശിവസേന- ബിജെപി സഖ്യത്തിന്‍റെ വോട്ടുകളില്‍ കടുത്തഭീഷണിയായി മാറിയിരിക്കുകയാണ്.

തമ്മിലടിമൂലമുള്ള വോട്ട് ചോര്‍ച്ച തടയാനായി ബിജെപി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.

എംഎന്‍സ് 2009ല്‍ മത്സരിക്കാനിറങ്ങിയത് സേന- ബിജെപി സഖ്യത്തിന് തിരിച്ചടിയായിരുന്നു. ഇത് കോണ്‍ഗ്രസിന് നേട്ടമാണുണ്ടാക്കിയത്. ഈ അവസ്ഥയായിരിക്കും ഇത്തവണയും ബിജെപി നേരിടേണ്ടി വരുമെന്നാണ് സൂചന.