നമോ നമോ ജപം വേണ്ടെന്ന് മോഹന്‍ ഭഗവത്

Webdunia
ബുധന്‍, 12 മാര്‍ച്ച് 2014 (13:10 IST)
PTI
ആര്‍എസ്‌എസ്‌ അണികള്‍ 'നമോ നമോ ജപിക്കേണ്ടെന്ന സര്‍സംഘ ചാലക്‌ മോഹന്‍ ഭഗവതിന്റെ പരാമര്‍ശം വിവാദമായി. ബാംഗ്ലൂരിലെ ആര്‍എസ്‌എസ്‌ പ്രതിനിധി സഭാ യോഗത്തിലാണ്‌ മോഹന്‍ ഭഗവത്‌ സംഘപരിവാറിന്റെ നിലപാട്‌ വ്യക്‌തമാക്കിയത്‌.

രാജ്യത്തിനു മുന്നില്‍ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനാകണം മുന്‍ഗണനയെന്ന് അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന പരിമിതി ഉള്‍ക്കൊണ്ടു വേണം ആര്‍എസ്‌എസ്‌ പ്രചരണമെന്നും മോഹന്‍ ഭഗവത്‌ മുന്നറിയിപ്പു നല്‍കി.

വ്യക്‌തിഗത പ്രചാരണത്തേക്കാള്‍ പ്രശ്നാടിസ്ഥാനത്തിലുള്ള പ്രചാരണത്തിനാണ്‌ ആര്‍എസ്‌എസ്‌ അണികള്‍ ശ്രദ്ധിക്കേണ്ടതെന്നാണ്‌ സര്‍സംഘചാലകിന്റെ നിര്‍ദേശം. സര്‍സംഘചാലകിന്റെ പരാമര്‍ശം നരേന്ദ്ര മോഡിക്ക്‌ (നമോ) എതിരാണെന്ന വ്യാഖ്യാനം ശരിയല്ലെന്ന്‌ ആര്‍എസ്‌എസ്‌ വക്‌താവ്‌ റാം മാധവ്‌ വിശദീകരിച്ചു.

നേതാവിനെ ഉയര്‍ത്തിക്കാട്ടുന്ന ബിജെപിയുടെ തിരഞ്ഞെടുപ്പു തന്ത്രത്തെ വിമര്‍ശിച്ചതല്ലെന്നും റാം മാധവ്‌ പറഞ്ഞു. സംഘപരിവാര്‍ മുന്‍ഗണന നല്‍കുന്നതു പ്രശ്നങ്ങള്‍ക്കാകുമെന്നും പാര്‍ട്ടിക്കു മറ്റു മുന്‍ഗണനകള്‍ ആകാമെന്നുമാണ്‌ സര്‍സംഘചാലക്‌ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.